
മോര്‍ബി: ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം തകര്‍ന്ന സ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ ഒന്നിന് സന്ദര്‍ശിക്കും. ഞായറാഴ്ച വൈകുന്നേരം ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ മച്ചു നദിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തത്തിൽ 133 പേര്‍ മരണപ്പെട്ടിരുന്നു. പാലം തകര്‍ന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.
‘അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖത്തിന്റെ ഈ വേളയില്‍ സര്‍ക്കാര്‍ എല്ലാവിധത്തിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പമുണ്ട്. ഗുജറാത്ത് സര്‍ക്കാര്‍ ഇന്നലെ മുതല്‍ ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കേന്ദ്രവും സഹായഹസ്തവുമായി കൂടെയുണ്ട്. സംസ്ഥാന സര്‍ക്കാരിന് എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.’ പ്രധാനമന്ത്രി വ്യക്തമാക്കി.
വിഷയവുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായും മറ്റ് ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി സംസാരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചതായും പിഎംഒ അറിയിച്ചു.
Post Your Comments