ചെന്നൈ: കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് മുന്നിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന കാർ ബോംബ് സ്‌ഫോടനത്തിന്റെ ഞെട്ടൽ മാറും മുന്നേ, തമിഴ്‌നാട്ടിലെ സിംഗപെരുമാൾ ക്ഷേത്ര പരിസരത്തിന് സമീപത്ത് നിന്നും മൂന്ന് റോക്കറ്റ് ഗ്രനേഡുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിൽ സിംഗപെരുമാൾ ക്ഷേത്രത്തിന് സമീപം ഒഴിഞ്ഞു കിടക്കുന്ന സൈനിക പരിശീലന കേന്ദ്രത്തിന് സമീപമാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയിരിക്കുന്നത്.
കന്നുകാലികളെ മേയ്‌ക്കാൻ എത്തിയ ഒരാളാണ് ഗ്രനേഡുകൾ ആദ്യം കാണുന്നത്. തുടർന്ന് അയാൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ തന്നെ ബോംബ് സ്‌ക്വാഡിനൊപ്പം ചെങ്കൽപേട്ട് പോലീസ് സ്ഥലത്തെത്തി ഗ്രനേഡുകൾ നിർവീര്യമാക്കുകയായിരുന്നു. സമീപത്ത് സ്ഥിതിചെയ്യുന്ന സൈനിക പരിശീലന കേന്ദ്രം കഴിഞ്ഞ ഏറെ നാളായി ഒഴിഞ്ഞുകിടക്കുകയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ആണ് ചെങ്കൽപേട്ട് പോലീസ് അറിയിച്ചിട്ടുള്ളത്.
കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് മുന്നിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന കാർ ബോംബ് സ്‌ഫോടനം ഏറെ ചർച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു ക്ഷേത്ര പരിസരത്തിന് സമീപം റോക്കറ്റ് ഗ്രനേഡുകൾ കണ്ടെത്തിയിരിക്കുന്നത്. കോയമ്പത്തൂർ സ്‌ഫോടനത്തിലെ പ്രതികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധം ഉൾപ്പെടെ പുറത്തു വന്ന സാഹചര്യത്തിൽ ഇത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. കോയമ്പത്തൂർ സ്ഫോടനം സംബന്ധിച്ച കേസന്വേഷണം എൻഐഎയുടെ നേതൃത്വത്തിൽ നടന്നു വരുകയാണ്.
Post Your Comments