ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്ത് സജീവ രാഷ്ട്രീയത്തിലേയ്ക്ക് എന്ന് സൂചന. കങ്കണ റണാവത്തിനെ സ്വാഗതം ചെയ്ത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. കങ്കണയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനിക്കുകയെന്നും ജെപി നദ്ദ പറഞ്ഞു.
‘കങ്കണ റണാവത്ത് പാര്‍ട്ടിയില്‍ ചേരുന്നത് സ്വാഗതം ചെയ്യുന്നു. പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും വിശാലമായ ഇടമുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്റെ മാത്രം തീരുമാനമല്ല. താഴെത്തട്ടില്‍ നിന്ന് ഒരു കൂടിയാലോചന പ്രക്രിയയുണ്ട്. തിരഞ്ഞെടുപ്പ് കമ്മറ്റി മുതല്‍ പാര്‍ലമെന്ററി ബോര്‍ഡ് വരെ, അവരായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുക’, ജെപി നദ്ദയുടെ പ്രതികരിച്ചു.
‘എല്ലാവരേയും ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഏത് പദവിയിലാണ് അവരെയെല്ലാം ഉള്‍പ്പെടുത്തേണ്ടതെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. ഞങ്ങള്‍ ആരെയും ഉപാധികളാല്‍ എടുക്കില്ല. ഞങ്ങള്‍ എല്ലാവരോടും പറയുന്നു, നിങ്ങള്‍ നിരുപാധികമായി വരണം, അതിനുശേഷം മാത്രമേ പാര്‍ട്ടി തീരുമാനിക്കൂ’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള സാധ്യതയെപ്പറ്റി കങ്കണ തുറന്നു സംസാരിച്ചത്.
‘ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണ്. ബിജെപി തനിക്ക് അവസരം നല്‍കുകയാണെങ്കില്‍ ജനങ്ങള്‍ക്ക് വേണ്ടി താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. സമൂഹത്തിന്റെ എല്ലാ തലത്തില്‍ നിന്നുകൊണ്ടും പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിക്കും. സേവിക്കാന്‍ ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ തനിക്ക് ഒരു അവസരം നല്‍കുകയാണെങ്കില്‍ ..തീര്‍ച്ചയായും അത് സ്വീകരിക്കും’, കങ്കണ വ്യക്തമാക്കിയിരുന്നു.
Post Your Comments