ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപകമാവുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള വിദ്ഗ്ധ സംഘം ജില്ലയിൽ പര്യടനം തുടങ്ങി. ഡോക്ടര്‍ രാജേഷ് കടമണി, ഡോക്ടര്‍ രുചി ജയിൻ എന്നിവരുൾപ്പടെയുള്ള 7 അംഗ സംഘമാണ് ജില്ലയിലെത്തിയിട്ടുള്ളത്. രാവിലെ ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തി. ഉച്ചക്ക് ശേഷം പക്ഷിപ്പനി സ്ഥിരീകരിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പാടശേഖരത്തിലും പരിസരപ്രദേശങ്ങളിലും സംഘം സന്ദർശനം നടത്തും. കഴിഞ്ഞ ബുധനാഴ്ചയാണ് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്.
താറാവുകൾ ഉൾപ്പെടെ രോഗബാധ സ്ഥിരീകരിച്ച വളർത്ത് പക്ഷികളെ കൊല്ലുന്ന നടപടികൾ കഴിഞ്ഞ ദിവസം മുതൽ ഹരിപ്പാട് കേന്ദ്രീകരിച്ച് തുടങ്ങിയിട്ടുണ്ട്. പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച വഴുതാനം പാടശേഖരത്തിന് ഒരു കിലോമീറ്റർ പരിധിയിലുള്ള വീടുകളിലെ വളർത്ത് പക്ഷികളെ കൊന്നിരുന്നു. പ്രദേശത്തെ ചിലർ പക്ഷികളെ ഒളിപ്പിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഈ മേഖലകളിൽ കൂടുതൽ പരിശോധന നടത്തും. പ്രദേശത്ത് അണുനശീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Post Your Comments