KeralaLatest NewsNews

12 ദിവസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടി വനിതാ പോലീസ്, മാതൃത്വം തുളുമ്പുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മുത്തങ്ങ: ചേവായൂർ പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ (സിപിഒ) എം രമ്യയ്ക്ക് സോഷ്യൽ മീഡിയകളിൽ അഭിനന്ദന പ്രവാഹം. 12 ദിവസം മാത്രം പ്രായമായ കുഞ്ഞിന് മുലയൂട്ടുകയും മാതൃ പരിചരണം നൽകുകയും ചെയ്ത വനിതാ പോലീസുകാരിക്ക് കൈയ്യടിച്ച് ജനം. അച്ഛനും മുത്തശിയും ചേര്‍ന്ന് കടത്തിക്കൊണ്ടു പോയ 12 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് രമ്യയാണ്. കുഞ്ഞിന് മുലപ്പാല്‍ നല്‍കി രമ്യ മാതൃത്വത്തെ മഹത്തരമാക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് 12 ദിവസം മാത്രം പ്രായമുളള തന്റെ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി 22 വയസ്സുളള യുവതി ചേവായൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. വിവരങ്ങള്‍ തിരക്കിയതില്‍ നിന്ന് കുടുംബ വഴക്കിനെ തുടര്‍ന്ന് കുട്ടിയെ അച്ഛന്‍ അമ്മയുടെ അടുക്കല്‍ നിന്ന് മാറ്റിയതാണെന്ന് പോലീസ് മനസിലാക്കി. പ്രസവത്തെതുടര്‍ന്നുളള അവശതകളാല്‍ ക്ഷീണിതയായിരുന്നു യുവതി. കുട്ടിയുടെ അമ്മ ആഷിഖയുടെ പരാതിയെ തുടർന്ന് അന്വേഷണം ശക്തമാക്കി.

പിതാവിന്റെ ജോലിസ്ഥലം ബാംഗ്ലൂരില്‍ ആയതിനാല്‍ അവിടേക്ക് പോയിരിക്കാം എന്ന നിഗമനത്തില്‍ വയനാട് അതിര്‍ത്തിയിലെ പോലീസ് സ്റ്റേഷനുകളില്‍ വിവരമറിയിച്ച് ചേവായൂര്‍ പോലീസ് അതിവേഗം അന്വേഷണം വ്യാപിപ്പിച്ചു. മുത്തങ്ങ അതിർത്തിയിൽ വെച്ച് കുഞ്ഞിനെയും കുഞ്ഞിന്റെ അച്ഛനെയും മുത്തശ്ശിയേയും പോലീസ് പിടികൂടി. മുലപ്പാല്‍ ലഭിക്കാതെ ക്ഷീണിച്ചിരുന്ന നവജാതശിശുവിനെ പോലീസ് ഏറ്റെടുത്ത് അതിവേഗം ആശുപത്രിയിലെത്തിച്ചു.

പരിശോധനയില്‍ കുഞ്ഞിന്റെ ഷുഗര്‍ ലെവല്‍ കുറവാണെന്ന് മനസിലാക്കി. കുഞ്ഞിനെ തിരികെ എത്തിക്കാനായി വയനാടെത്തിയ ചേവായൂര്‍ പോലീസ് സംഘത്തിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ രമ്യ. എം താന്‍ മുലയൂട്ടുന്ന അമ്മയാണെന്ന് ഡോക്ടറെ അറിയിച്ചു. കുഞ്ഞിനെ ഏറ്റുവാങ്ങി മുലയൂട്ടി ക്ഷീണമകറ്റി. കുഞ്ഞിനെ അമ്മയുടെ കൈകളില്‍ ഭദ്രമായി തിരികെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റ ആശ്വാസത്തിലാണ് ചേവായൂര്‍ പോലീസ്. നാല് വര്‍ഷം മുമ്പ് പോലീസ് സേനയില്‍ ചേര്‍ന്ന രമ്യ കോഴിക്കോട് ചിങ്ങപുരം സ്വദേശിയാണ്. നാലും ഒന്നും വയസ്സുളള രണ്ട് കുട്ടികളുടെ മാതാവാണ് രമ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button