ബംഗളൂരു : ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകനെ ഏര്‍പ്പാടാക്കിയ ഭാര്യ, ലിംഗം മുറിക്കാന്‍ പ്രത്യേക കത്തിയും നല്‍കി. ബംഗളൂരുവിലെ യെലഹങ്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അരും കൊല നടന്നത്. ഈ മാസം ഇരുപത്തിയൊന്നിനാണ് ചന്ദ്രു എന്നയാള്‍ കൊല്ലപ്പെട്ടതെങ്കിലും കഴിഞ്ഞ ദിവസമാണ് കേസില്‍ ഭാര്യയേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ ഹിന്ദുപൂര്‍ സ്വദേശികളാണ് ശ്വേതയും ചന്ദ്രുവും. ശ്വേതയുടെ അകന്ന ബന്ധുവായ ചന്ദ്രുവിനെ താത്പര്യമില്ലാതെയാണ് യുവതി വിവാഹം ചെയ്തത്. ഇരുവരും തമ്മില്‍ 18 വയസിന്റെ പ്രായ വ്യത്യാസം ഉണ്ടായിരുന്നതായിരുന്നു കാരണം. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹ ശേഷം ദമ്പതികള്‍ ബംഗളൂരുവിലാണ് താമസിച്ചത്.
കോളേജില്‍ പഠന കാലത്ത് ശ്വേതയ്ക്ക് സുരേഷ് എന്നയാളുമായി അടുപ്പമുണ്ടായിരുന്നു. വിവാഹ ശേഷവും ഇരുവരും ഫോണില്‍ പരസ്പരം ബന്ധപ്പെട്ടിരുന്നു. ഇതിന് പുറമേ യുവതി മറ്റൊരു ബന്ധുവായ ലോകേഷ് എന്നയാളുമായും ഇഷ്ടത്തിലായിരുന്നു. എന്നാല്‍ താമസിയാതെ ലോകേഷ് തന്നെ ഉപദ്രവിക്കുന്നുവെന്ന് കാട്ടി ഭര്‍ത്താവിനെയും കൂട്ടി യുവതി ഹിന്ദുപൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന് ശേഷവും സുരേഷുമായുള്ള ബന്ധം ഇവര്‍ തുടര്‍ന്നു. എന്നാല്‍ ഭര്‍ത്താവ് ജീവിച്ചിരിക്കെ തങ്ങള്‍ക്ക് സുഖമായി കഴിയാനാവില്ലെന്ന് മനസിലാക്കിയ ശ്വേതയും സുരേഷും ചന്ദ്രുവിനെ കൊല്ലാന്‍ തീരുമാനിച്ചു.
ഈ മാസം ഒക്ടോബര്‍ 21ന് ജോലി സ്ഥലത്ത് നിന്നും തിരിച്ചെത്തിയ ചന്ദ്രുവിനെ ഭാര്യ ടെറസിലേക്ക് കൊണ്ടുപോയി. അവിടെ കാത്തുനിന്ന സുരേഷ് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രുവിനെ ആക്രമിക്കാന്‍ കാമുകന്‍ സുരേഷിന് ശ്വേത മരക്കഷ്ണം നല്‍കിയിരുന്നു. ഇതിന് പുറമേ ഭര്‍ത്താവിന്റെ ലിംഗം മുറിക്കാന്‍ കത്തിയും നല്‍കി.
ഭര്‍ത്താവിന്റെ മരണ ശേഷം ചന്ദ്രു ജോലി കഴിഞ്ഞ് വീട്ടിലെത്തിയിട്ടില്ലെന്നും, കാണാനില്ലെന്നും ശ്വേത അഭിനയിച്ചു. വീട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ചന്ദ്രു ടെറസില്‍ ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടു. തുടര്‍ന്ന് ഇയാളെ യെലഹങ്ക സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് അന്വേഷണത്തിനെത്തിയ പൊലീസിനോട് മുന്‍ വൈരാഗ്യത്തില്‍ ലോകേഷ് ചെയ്തതാണെന്ന് ശ്വേത മൊഴി നല്‍കി. എന്നാല്‍ പൊലീസ് നടത്തിയ സമര്‍ത്ഥമായ നീക്കത്തില്‍ ശ്വേതയുടെ ഫോണില്‍ സുരേഷ് നിരന്തരം വിളിക്കുന്നത് കണ്ടെത്തി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ശ്വേത കുറ്റം സമ്മതിച്ചു. വീടിന്റെ ലൊക്കേഷന്‍ സഹിതം കാമുകന് അയച്ച് നല്‍കിയതും കണ്ടെത്തി. ആന്ധ്രാപ്രദേശിലെ പെനുഗൊണ്ടയില്‍ നിന്നുമാണ് സുരേഷിനെ പൊലീസ് പിടികൂടിയത്.
Post Your Comments