കുട്ടനാട്: സമയക്രമം മാറ്റിയതിൽ പ്രതിഷേധിച്ചു ജലഗതാഗത വകുപ്പ് ബോട്ട് പിടിച്ചു കെട്ടി വിദ്യാർഥികൾ. കാവാലം കൃഷ്ണപുരത്തു നിന്നു വൈകിട്ട് 4ന് സർവീസ് നടത്തിയിരുന്ന ബോട്ടാണ് സമയക്രമം മാറ്റി ഇന്നലെ മുതൽ 3.45ന് ആക്കിയത്. ഇതുമൂലം കൂടുതല്‍ ബുദ്ധിമുട്ടില്‍ ആകുന്നത് വിദ്യാർഥികളാണ്.
കാവാലം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ, കാവാലം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, കാവാലം ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, ഗവ. യു.പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്ക് സ്കൂൾ വിട്ടശേഷം വീടുകളിലെത്താനുള്ള ആശ്രയമായിരുന്നു 4 മണിക്കുള്ള ബോട്ട് സർവീസ്. കാവാലം ലിസ്യു, ആർ ബ്ലോക്ക് അടക്കമുള്ള കായൽമേഖലയിലേക്കും ആലപ്പുഴയിലേക്കും പോകേണ്ട വിദ്യാർഥികൾ സമയക്രമം മാറ്റിയതോടെ പ്രതിസന്ധിയിലായിരുന്നു.
സമയക്രമം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ വൈകിട്ട് കാവാലം സി.എം.എസ് ജെട്ടിയിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ബോട്ടു പിടിച്ചു കെട്ടിയത്. അരമണിക്കൂറോളം പ്രതിഷേധം നീണ്ടു. സമയക്രമം പുനഃസ്ഥാപിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും സമാനരീതിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിദ്യാർഥികളും നാട്ടുകാരും പറഞ്ഞു.
Post Your Comments