തിരുവനന്തപുരം : കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ ഭിന്നശേഷി കുട്ടികളും അമ്മമാരും ചേർന്നുണ്ടാക്കുന്ന ഉത്പന്നങ്ങൾ ആഗോളശ്രദ്ധയിൽ എത്തിക്കുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കഴക്കൂട്ടത്ത് ഹോർട്ടി കൾച്ചർ തെറാപ്പി സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
വിദേശയാത്രകളിൽ രാഷ്ട്രത്തലവന്മാർ ഉൾപ്പെടെയുള്ളവർക്ക് ഉപഹാരം നൽകുന്നതിനും രാജ്യത്ത് എത്തുന്നവരെ സ്വീകരിക്കുന്നതിനും ഈ ഉൽപന്നങ്ങൾ കൂടി പരിഗണിക്കുമെന്നും വി മുരളീധരൻ പറഞ്ഞു.
നൈപുണ്യ വികസന പരിപാടികളിലൂടെ ഭിന്നശേഷി സമൂഹത്തിൻ്റെ അതിജീവനവും ഉപജീവനവും ഉറപ്പുവരുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഹോർട്ടികൾച്ചർ തെറാപ്പി ഒരു സാമൂഹിക ക്ഷേമപദ്ധതിയായി പരിണമിക്കുന്നതിലെ സന്തോഷം പങ്കുവെച്ച മന്ത്രി കേരള കാർഷിക സർവകലാശാലയും മാജിക് പ്ലാനട്ടും നടത്തി വരുന്ന പ്രവർത്തനങ്ങളെ അനുമോദിച്ചു.
തെറാപ്പി വഴി ഭിന്നശേഷി കുട്ടികളിൽ ഉണ്ടാകുന്ന മാറ്റം ശാസ്ത്രീയമായി പഠിച്ച് വിലയിരുത്താൻ വേണ്ട നടപടികൾ ഉടൻ ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു. സ്വാശ്രയ ഭാരതത്തിന് വേണ്ടി സംരഭകത്വ താത്പര്യം വർധിപ്പിക്കാൻ ഉതകുന്ന പ്രത്യേക പരിശീലന പരിപാടികൾക്ക് പ്രധാനമന്ത്രി തന്നെ പ്രചോദനവും പ്രോത്സാഹനവും നൽകി രംഗത്ത് ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭിന്നശേഷിയുള്ള വ്യക്തികളെ സഹതാപപരമായി വീക്ഷിച്ച് അവരുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടുപോകുന്ന സാഹചര്യം പൂർണമായി മാറി. അവർക്കുവേണ്ട ശാരീരിക വിദ്യാഭ്യാസ സാമ്പത്തിക പുനരധിവാസത്തിന് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments