ജന്മിമാരുടെ നെല്ലറകൾ നിറയ്ക്കാൻ അഹോരാത്രം പണിയെടുക്കുക എന്നതു മാത്രം ധർമ്മമെന്നു കരുതിയിരുന്ന അധഃസ്ഥിതരെ അതിൽ നിന്നും മോചിപ്പിക്കാൻ വേണ്ടി പോരാടുകയും സവര്‍ണ്ണ ശാസനകളെ വെല്ലുവിളിക്കുകയും ചെയ്ത നവോത്ഥാന നായകനാണ് അയ്യൻകാളി. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ തറവാട്ടിൽ 1863 ഓഗസ്റ്റ് 28നു അദ്ദേഹം ജനിച്ചു.
കേരളത്തിൽ നിലനിന്നിരുന്ന അസ്സമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടുകയും സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു മുന്നിട്ടിറങ്ങുകയും ചെയ്ത അയ്യൻകാളി 1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചു. ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
read also: ആനയെ കണ്ട് ഭയന്നോടുന്നതിനിടയിൽ വീണ് പരുക്കേറ്റ തൊഴിലാളി മരിച്ചു : ഒരാൾ ആശുപത്രിയിൽ
അവര്‍ണ്ണര്‍ പൊതുനിരത്തുകളില്‍ ഇറങ്ങരുതെന്ന സവര്‍ണ ശാസനക്കെതിരെയുള്ള കീഴാള ജനതയുടെ ഉണര്‍വായിരുന്നു വില്ലുവണ്ടി സമരത്തിനു നേതൃത്വം നൽകിയത് അയ്യൻകാളി ആയിരുന്നു. പൊതു നിരത്തുകള്‍ അവര്‍ണര്‍ക്ക് വിലക്കപ്പെട്ടതിനെതിരെ അയ്യൻകാളിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. സവര്‍ണ്ണ ശാസനകളെ വെല്ലുവിളിച്ചു കൊണ്ട് അയ്യങ്കാളിയുടെ നേതൃത്വത്തില്‍ 1 893ല്‍ വില്ല് വണ്ടി യാത്ര നടന്നു.
അക്കാലത്ത് വില്ലുവണ്ടികള്‍ സവര്‍ണ്ണര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. രണ്ട് കൂറ്റന്‍ കാളകളെ പൂട്ടിയ വില്ലുവണ്ടിയില്‍ മുണ്ടും മേൽമുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ച്, വെങ്ങാനൂരിൽ നിന്നും കവടിയാർ കൊട്ടാരംവരെ പൊതുനിരത്തിലൂടെ അദ്ദേഹം വില്ലുവണ്ടി ഓടിച്ചു പോയി. സവർണ്ണ ജാതിക്കാർ ഈ യാത്ര തടഞ്ഞു. സാമൂഹ്യ അനീതികളെ പരസ്യമായി ധിക്കരിച്ച് അവര്‍ണ്ണര്‍ക്ക് സ്വാഭിമാനത്തോടെ ജീവിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കാന്‍ അയ്യൻകാളി നടത്തിയ ത്യാഗോജ്വലമായ സമരത്തുടക്കമായിരുന്നു വില്ലുവണ്ടി സമരം. അയ്യൻകാളിയുടെ നേതൃത്വത്തില്‍ നടന്ന വില്ലുവണ്ടി സമരത്തിന്റെ വിജയം തിരുവിതാംകൂറിന്റെ നവോഥാന സമര ചരിത്രത്തിന്റെ തിളക്കമാര്‍ന്ന ഒരേടാണ്.
ഇതിനോടൊപ്പം ചർച്ച ചെയ്യേണ്ട ഒന്നാണ് നെടുമങ്ങാട് ചന്ത ലഹള. നെടുമങ്ങാട് ചന്തയിൽ താഴ്ന്ന ജാതിയിൽ പെട്ടവർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അവർക്കു ചന്തക്കു പുറത്തു മാത്രമേ കച്ചവടം നടത്താൻ അനുമതി ഉണ്ടായിരുന്നുള്ളൂ. ഇതിനെതിരേ അയ്യൻകാളി നയിച്ച സമരം ആണ് നെടുമങ്ങാട് ചന്ത ലഹള. ഈ സമരത്തിന്റെ വിജയത്തിന് ശേഷം എല്ലാ ആളുകൾക്കും ചന്തക്കുള്ളിൽ തന്നെ കച്ചവടം നടത്താം എന്ന സ്ഥിതി വന്നു.
Post Your Comments