തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ കടകംപള്ളി സുരേന്ദ്രൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പിയുടെ മാർച്ച്. കഴക്കൂട്ടം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി സുധീർ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഓഫീസിന് മുന്നിൽ വെച്ച് പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ബാരിക്കേടു മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
മന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വീട്ടിൽ കടന്നു സ്വാതന്ത്ര്യമുണ്ടായിരുന്ന സ്വപ്ന സുരേഷ് പിണറായി വിജയന്റെയും മന്ത്രിമാരുടേയും ഇടനിലക്കാരിയായിരുന്നുവെന്ന് സുധീർ ആരോപിച്ചു. കടകംപള്ളി സുരേന്ദ്രന് വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ ആണെന്നും തന്നെ അപമാനിക്കാൻ ശ്രമിച്ചതും സ്വപ്ന സുരേഷ് പരസ്യമായി പറഞ്ഞിട്ടും കേസെടുക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വപ്ന സുരേഷ് പാവമാണെന്നും ദുരിതങ്ങൾ അനുഭവിച്ചവളാണെന്നും കടകംപള്ളി ഇപ്പോൾ പറയുന്നത് കൂടുതൽ തെളിവുകൾ പുറത്തേക്ക് വരുമെന്നുള്ള ഭയത്താലാണെന്നും, അതുകൊണ്ടാണ് മാനനഷ്ടത്തിന് കേസ് കൊടുക്കാൻ നാളിതുവരെ കടകംപള്ളി തയ്യാറാവാത്തത് എന്ന് അദ്ദേഹം ആരോപിച്ചു.
എംഎൽഎ സ്ഥാനത്തിന് ഇരിക്കാനുള്ള യോഗ്യത അദ്ദേഹത്തിന് നഷ്ടപ്പെട്ടന്നും രാജിവച്ചൊഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ബിജി വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. മേഖലാ ജനറൽ സെക്രട്ടറി ചെമ്പഴന്തി ഉദയൻ, ഒബിസിമോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് എം, സനോദ് കുമാർ, ആർഎസ് രാജീവ്, മുളയറ രതീഷ് തുടങ്ങിയവർ സംസാരിച്ചു.
Post Your Comments