തിരുവനന്തപുരം: ജീവനക്കാർ സർക്കാരിന്റെ അവിഭാജ്യ ഭാഗമാണെന്നും ജീവനക്കാരുടെ വേതനവും ആനുകൂല്യവും ക്ഷേമവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ ഏറ്റെടുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തികഞ്ഞ സത്യസന്ധതയോടെയും നീതിയുക്തമായും പൊതുജനങ്ങൾക്കു സേവനങ്ങൾ ലഭ്യമാക്കാൻ ജീവനക്കാർക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലോ കോളജ് ജങ്ഷന് സമീപം നേതാജി നഗറിൽ സർക്കാർ ജീവനക്കാർക്കായി പുതുതായി നിർമിച്ച ക്വാർട്ടേഴ്സ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജീവനക്കാർക്കായി പുതിയ ക്വാർട്ടേഴ്സുകൾ നിർമിക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധ വയ്ക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. മറ്റു പ്രദേശങ്ങളിൽ നിന്ന് ധാരാളം പേർ ജോലി ചെയ്യാനെത്തുന്ന തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ ജീവനക്കാർക്കു താമസ സൗകര്യം ഒരുക്കുന്നത് പ്രധാന ഉത്തരവാദിത്തമായാണ് സർക്കാർ കാണുന്നത്. 845 എൻ.ജി.ഒ ക്വാർട്ടേഴ്സും 35 ഗസറ്റഡ് ഓഫിസേഴ്സ് ക്വാർട്ടേഴ്സുകളുമാണ് ഇപ്പോൾ ഉള്ളത്. ക്വാർട്ടേഴ്സിനു വേണ്ടിയുള്ള അപേക്ഷകൾ നോക്കിയാൽ ഇവ അപര്യാപ്തമാണ്. ഇത് മുൻനിർത്തിയാണു പുതിയ ക്വാർട്ടേഴ്സുകൾ നിർമിക്കുന്നത്.
7.85 കോടി ചെലവിലാണ് നേതാജി നഗറിൽ പുതിയ ക്വാർട്ടേഴ്സ് നിർമിച്ചത്. മൂന്ന് ബ്ലോക്കുകളിലായി 18 അപ്പാർട്ട്മെന്റുകളുണ്ട്. രണ്ടു ബാത്ത് അറ്റാച്ഡ് കിടപ്പുമുറികൾ, ഒരു ഡ്രോയിങ് കം ഡൈനിങ് ഹാൾ, അടുക്കള, വരാന്ത എന്നിങ്ങനെയാണ് ക്വാർട്ടേഴ്സിന്റെ ഘടന. വാഹന പാർക്കിങ്ങിനുള്ള സൗകര്യവുമുണ്ട്. നേതാജി നഗറിൽ പല ഘട്ടങ്ങളിലായി ക്വാർട്ടേഴ്സുകൾ നിർമിക്കാനുള്ള പദ്ധതിക്കു സർക്കാർ തുടക്കമിട്ടിട്ടുണ്ട്. എൻ.ജി.ഒ, ഗസറ്റഡ് ക്വാർട്ടേഴ്സുകൾക്കൊപ്പം വാണിജ്യ കെട്ടിടങ്ങൾ, ജീവനക്കാരുടെ മക്കൾക്കായുള്ള ക്രഷർ, കളിസ്ഥലം, ചെറിയ യോഗങ്ങൾക്കുള്ള സ്ഥലം, കമ്യൂണിറ്റി ഹാൾ എന്നിങ്ങനെ ടൗൺഷിപ്പ് മാതൃകയിലാണ് നിർമാണം വിഭാവനം ചെയ്തിരിക്കുന്നത്. ഇതുകൂടി പൂർത്തിയാകുന്നതോടെ നല്ലൊരുഭാഗം ജീവനക്കാർക്കു താമസ സൗകര്യം ഉറപ്പാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലപ്പഴക്കം ചെയ്യുന്ന സർക്കാർ ക്വാർട്ടേഴ്സുകൾക്കു പകരം പുതിയ ക്വാർട്ടേഴ്സുകൾ നിയമിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂർ, ആലപ്പുഴ എന്നിവിടങ്ങളിൽ പുതിയ ക്വാർട്ടേഴ്സ് നിർമാണം നടന്നുവരുന്നു. തിരുവനന്തപുരത്ത് ഹരിഹർ നഗറിൽ പുതിയ ക്വാർട്ടേഴ്സ് നിർമാണത്തിന് ടെൻഡർ പുരോഗമിക്കുന്നു. കൊല്ലത്ത് ക്വാർട്ടേഴ്സ് നിർമാണത്തിനു ഭരണാനുമതി നൽകി.
നേതാജി നഗറിലെ പുതിയ ക്വാർട്ടേഴ്സ് വളപ്പിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ ജി.ആർ അനിൽ, ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, എ.എ റഹിം എം.പി, വി.കെ പ്രശാന്ത് എം.എൽ.എ, കൗൺസിലർ മേരി പുഷ്പം, പൊതുമരാമത്ത് വകുപ്പ് ജീവനക്കാർ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments