മെൽബൺ ഗ്രൗണ്ടിൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ ചിരവൈരികളായ പാകിസ്ഥാനെതിരെ ആവേശകരമായ വിജയം നേടാൻ ടീമിനെ സഹായിച്ചത് വിരാട് കോഹ്‌ലിയുടെ ഗംഭീര ബാറ്റിങ് ആയിരുന്നു. അവസാന ഓവർ ഏറെ നാടകീയത നിറഞ്ഞതായിരുന്നു. ഇതിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടത് അവസാന ഓവറിൽ നവാസ് എറിഞ്ഞ ഒരു നോബോൾ ആയിരുന്നു. കോഹ്ലിയുടെ അരക്കെട്ടിനു മുകളിൽ വന്ന ബോൾ വിരാട് സിക്സ് അടിക്കുകയായിരുന്നു. ശേഷം വിരാട് അമ്പയറിനോട് നോബൊളീനായി അപ്പീൽ ചെയ്തു. അമ്പയർ അത് നൽകുകയും ചെയ്തു. എന്നാൽ, ഇതിനെതിരെ പാകിസ്ഥാൻ ടീം രംഗത്തെത്തി. പക്ഷെ കാര്യമുണ്ടായില്ല. മത്സരത്തിന് ശഷം പാകിസ്ഥാൻ ആരാധകർ ഇന്ത്യയ്‌ക്കെതിരെയും അമ്പയർക്കെതിരെയും രംഗത്ത് വന്നിരുന്നു.
എന്നാൽ. ഇതൊക്കെയും ബാലിശമാണ് എന്നാണ് മുൻ പാക് ക്രിക്കറ്റർ സൽമാൻ ബട്ട് പറയുന്നത്. ഓൺ-ഫീൽഡ് അമ്പയർമാർ എടുത്ത ചില തീരുമാനങ്ങളെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഈ ഉജ്ജ്വലമായ പരിശ്രമത്തെ തുരങ്കം വയ്ക്കാനാണ് നോ ബോൾ വിവാദം ഉയർത്തുന്നതെന്നാണ് ബട്ട് പറയുന്നത്. ‘നോ-ബോൾ’ വിളി സംബന്ധിച്ച് ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. കോഹ്‌ലി അപ്പീൽ നൽകിയതിന് ശേഷമാണ് തീരുമാനം എടുത്തതെന്ന് ചിലർ പറയുന്നു. ഫ്രീ-ഹിറ്റ് ഡെലിവറി ഡെഡ് ബോൾ ആയിരിക്കണമായിരുന്നുവെന്ന് മറ്റുള്ളവർ പറയുന്നു. എന്നാൽ, ഈ വിവാദത്തിൽ തനിക്ക് രണ്ട് കാര്യമാണ് പറയാനുള്ളതെന്ന് ബട്ട് പറയുന്നു.
‘ഇങ്ങനെ കിടന്ന് വാദിക്കുന്നവർക്ക് നിയമങ്ങളെക്കുറിച്ച് ഒരു പിടിയുമില്ല. രണ്ടാമതായി, രണ്ട് ടീമുകളും നടത്തിയ ഒരു മികച്ച പ്രയത്നത്തെ അവർ തുരങ്കം വെക്കുന്നു. മത്സരം ഒരു പെൻഡുലം പോലെ ആടിക്കൊണ്ടിരുന്നു. വിരാട് കോഹ്‌ലിയുടെ മിടുക്ക് കൊണ്ടാണ് ഇന്ത്യ ഒടുവിൽ കളി ജയിച്ചത്. അദ്ദേഹമില്ലാതെ അവർക്ക് മത്സരം ജയിക്കാനാവില്ല. നിങ്ങളൊക്കെ മണ്ടന്മാരാണോ, അതോ അങ്ങനെ അഭിനയിക്കുന്നതാണോ. നോബോളിന്റെ കാര്യത്തിൽ അതൊരു ചെറിയ വ്യത്യാസത്തിൽ ഉണ്ടാകുന്ന തീരുമാനമാണ്. ആ ബോൾ കോഹ്ലിയുടെ അരക്കെട്ടിനു മുകളിലാണ് വന്നതെന്ന് നമുക്ക് റിപ്ലയിൽ നിന്നു തന്നെ കാണാൻ സാധിക്കും. അങ്ങനെ അരക്കെട്ടിനു മുകളിൽ വരുന്ന ബോളുകൾ നോബോളാണെന്ന് നീസംശയം പറയാനാവും. ആ ബോൾ സിക്സർ ലൈൻ കടക്കുകയാണ് ചെയ്തത്. ആ ബോളിൽ ഒരു വിക്കറ്റ് നഷ്ടമായാൽ മാത്രമേ അമ്പയർമാർക്ക് തീരുമാനം തേർഡ് അമ്പയറിനു വിടാൻ സാധിക്കൂ’, ബട്ട് പറഞ്ഞു.
Post Your Comments