വയനാട്: ചീരാലില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച കടുവയെ പിടികൂടാത്തതില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ പഴൂര്‍ ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ രാപ്പകല്‍ സമരവും തുടരുന്നു. പ്രശ്‌നപരിഹാരം തേടി സമരസമിതി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. കടുവ ആക്രമണം തുടര്‍ക്കഥയായാല്‍ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
ഇന്നലെ രാവിലെ 10ന് ആണ് രാപ്പകല്‍ സമരം ആരംഭിച്ചത്. രാത്രി ഏറെ വൈകിയും സമരപന്തലില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായിരുന്നത്. കടുവയെ വെടിവെച്ച് കൊല്ലണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍.
ജനപ്രതിനിധികളും സമരസമിതി നേതാക്കളും രാവിലെ 11 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കാണും. പ്രതിഷേധം കനത്തതോടെ വനം വകുപ്പ് പ്രദേശത്ത് കൂടുതല്‍ കൂടുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. 30 നിരീക്ഷണ ക്യാമറകളും അഞ്ചു ലൈവ് സ്ട്രീമിംഗ് ക്യാമറകളും കടുവ സാന്നിധ്യം സ്ഥിരീകരിച്ച മേഖലകളില്‍ സ്ഥാപിക്കും. കടുവ ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പട്രോളിംഗ് ശക്തമാക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന വനം, പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. തെരച്ചിലിനായി കുങ്കിയാനകളെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.
Post Your Comments