ആലപ്പുഴ: ഹരിപ്പാട് നഗരസഭയിൽ താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ബുധനാഴ്ച്ച അടിയന്തര യോഗം ചേർന്ന് ഈ മേഖലകളിൽ രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് അടിയന്തര യോഗം ചേർന്നത്. ഹരിപ്പാട് നഗരസഭയിലെ ഒൻപതാം വാർഡിലെ വഴുതാനം പടിഞ്ഞാറ്, വഴുതാനം വടക്ക് പാടശേഖരങ്ങളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്.
രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഇതിനായി എട്ട് ആർആർടികളെയും (റാപ്പിഡ് റെസ്പോൺസ് ടീം) സജ്ജമാക്കിയിട്ടുണ്ട്.
എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒക്ടോബർ 30-വരെ നിരോധിച്ചു.
ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും കാർത്തികപ്പള്ളി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ തഹസീൽദാർമാരും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താനും നിർദേശിച്ചിട്ടുണ്ട്.
കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ബഹു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ.ജി. രാജേശ്വരി, ബഹു. ജില്ല പോലീസ് മേധാവി ശ്രീ. ജി. ജയദേവ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
Read Also: കേരള ജനതയ്ക്ക് അങ്ങയോടുള്ള പ്രീതി എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു: ഗവർണർക്ക് മറുപടിയുമായി തോമസ് ഐസക്ക്
Post Your Comments