പ്രയാഗ്‌രാജ് (യുപി): ഉത്തർപ്രദേശിൽ പ്രയാഗ്‌രാജിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കി ബാധിച്ചു ചികിത്സയ്ക്കെത്തിയ രോഗിക്ക് മൊസാംബി ജ്യൂസ് പ്ളേറ്റ്ലെറ്റിന് പകരം കയറ്റിയ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആശുപത്രിയിൽ നടന്നത് ഗുരുതര വീഴ്ചയാണെന്ന് സർക്കാർ അന്വേഷണത്തിൽ കണ്ടെത്തി. പ്ളേറ്റ്ലെറ്റ് ബാഗ് വാങ്ങി വന്നത് ബന്ധുക്കളാണെന്നും, അത് നൽകിയ ബ്ലഡ് ബാങ്കുകാർ ആണ് കുറ്റക്കാരെന്നും ആശുപത്രി അധികൃതർ പ്രതികരിച്ചു.
എങ്കിലും പ്ളേറ്റ്ലെറ്റ് കൊടുക്കുമ്പോൾ എന്തുകൊണ്ട് അത് പരിശോധിക്കാതെ കൊടുത്തു എന്നതാണ് ചോദ്യം. സംഭവത്തിൽ ആശുപത്രി കെട്ടിടം പൊളിക്കാൻ തീരുമാനം. കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്നും രണ്ടു ദിവസത്തിനകം ഒഴിയണമെന്നും ചൂണ്ടിക്കാട്ടി അധികൃതർക്കു നോട്ടിസ് നൽകി. രോഗി മരിച്ചതിനെത്തുടർന്ന് ആശുപത്രി പൂട്ടിയിരുന്നു. പ്രദീപ് പാണ്ഡെ (32) എന്നയാളാണു മരിച്ചത്. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിൽ വ്യാജ പ്ലേറ്റ്‌ലറ്റുകള്‍ വില്‍ക്കുന്ന സംഘത്തിലെ പന്ത്രണ്ടു പേരെ പ്രയാഗ്‌രാജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാണ്ഡെയ്ക്കു നൽകിയ ദ്രാവകത്തിന്റെ ബാക്കി പരിശോധനയ്ക്ക് അയച്ചിരുന്നു. അന്വേഷണത്തിന് മൂന്നംഗ മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു. ഡെങ്കി ബാധിതർക്കു രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ അളവു കുറയുമെന്നതുകൊണ്ട് അതു കുത്തിവയ്ക്കുക പതിവാണ്. മറ്റൊരു ആശുപത്രിയിൽനിന്ന് എത്തിച്ച പ്ലേറ്റ്ലറ്റുകളാണ് പ്രദീപ് പാണ്ഡെയ്ക്കു നൽകിയത്. മൂന്നു യൂണിറ്റ് കയറ്റിയപ്പോഴേക്ക് ഇദ്ദേഹം അവശനായതോടെ നിർത്തിവച്ചു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു.
പാണ്ഡെയ്ക്കു പ്ലേറ്റ്ലറ്റുകൾ കുത്തിവയ്ക്കുന്നതിന്റെ വിഡിയോയിൽ നിന്നാണ്, നൽകിയത് മധുരനാരങ്ങാ ജ്യൂസാണെന്ന സംശയമുണ്ടായത്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികള്‍ വിവിധ രക്ത ബാങ്കുകളില്‍ നിന്ന് പ്ലേറ്റ്‌ലറ്റുകള്‍ ശേഖരിച്ച് വില്ക്കുന്നുണ്ടെന്നും സംസ്ഥാനത്ത് വ്യാപകമായി വ്യാജ പ്ലേറ്റ്‌ലെറ്റുകള്‍ വില്‍പ്പന നടക്കുന്നുണ്ടെന്നും പൊലീസ് സൂപ്രണ്ട് ഷൈലേശ് കുമാര്‍ പാണ്ഡെ പറഞ്ഞു. പ്രയാഗ് രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്റ് ട്രോമ സെന്ററില്‍ നിന്ന് നല്‍കിയ പ്ലാസ്മ എന്ന് രേഖപ്പെടുത്തിയ രക്തബാഗില്‍ ജ്യൂസ് ആയിരുന്നുവെന്ന് രോഗിയുടെ കുടുംബം ആരോപിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
Post Your Comments