KeralaLatest NewsNews

ശ്രീല പ്രഭുപാദയുടെ ജീവിതം ആദ്യമായി മലയാളത്തില്‍: ‘മഹായോഗി’ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

ശ്രീല പ്രഭുപാദയേയും ഇസ്‌കോണിനെയും പറ്റി കൂടുതല്‍ അറിയാത്ത മലയാളികൾക്ക് ഈ പുസ്തകം വലിയ വെളിച്ചമാകും

 കൊച്ചി: ഇസ്‌കോണ്‍ സ്ഥാപകന്‍ ശ്രീല പ്രഭുപാദയുടെ ജീവിതം അടിസ്ഥാനമാക്കി വയലാര്‍ അവാര്‍ഡ് ജേതാവും റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ വി മോഹന്‍ കുമാര്‍ രചിച്ച ജീവചരിത്രനോവല്‍ ‘മഹായോഗി’ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കപ്പൂച്ചിന്‍ സന്യാസി ഫാദര്‍ ബോബി ജോസ് കട്ടികാടിന് ആദ്യകോപ്പി നല്‍കി മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.

പ്രമുഖ സിനിമാ സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ സത്യന്‍ അന്തിക്കാട്, കപ്പൂച്ചിന്‍ സന്യാസി ഫാദര്‍ ബോബി ജോസ് കട്ടികാട്, എഴുത്തുകാരനും ദാര്‍ശനികനുമായ ഷൗക്കത്ത്, കവി വി ജി തമ്പി, രചയിതാവ് കെ വി മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഇസ്‌കോണില്‍ നിന്ന് ബാംഗ്ലൂര്‍ ഇസ്‌കോണ്‍ പ്രസിഡന്റും ദി അക്ഷയപാത്ര ഫൗണ്ടേഷന്‍ ചെയര്‍മാനും മലയാളിയുമായ ശ്രീ മധു പണ്ഡിറ്റ് ദാസ, ബാംഗ്ലൂര്‍ ഇസ്‌കോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ശ്രീ ചഞ്ചലപതി ദാസ എന്നിവരും സന്നിഹിതരായിരുന്നു.

read also: കോഴിക്കോട് ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് സമാപനം

ഒരു ജീവചരിത്ര നോവല്‍ എന്നതിലുപരി ഹൃദയാവര്‍ജകമായ ശൈലിയില്‍ എഴുതപ്പെട്ടിട്ടുള്ള ദാര്‍ശനികമാനങ്ങളുള്ള രചനയാണ് മഹായോഗി. അതുകൊണ്ടു തന്നെ വായനക്കാരുടെ മനസ്സ് മാറ്റിമറിയ്ക്കാന്‍ പോന്നതാണ് അതിന്റെ പാരായണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതു വായിക്കുന്ന എല്ലാവരേയും, വിശേഷിച്ചും ചെറുപ്പക്കാരെ, മെച്ചപ്പെട്ട ഒരു സമൂഹനിര്‍മാണത്തിനായി ഈ പുസ്തകം പ്രചോദിപ്പിക്കുമെന്ന് ഇസ്‌കോണിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 1965ല്‍ കൊച്ചി വഴിയാണ് ശ്രീല പ്രഭുപാദ ഒരു ചരക്കുകപ്പലില്‍ അമേരിക്കയിലേയ്ക്കുള്ള തന്റെ ചരിത്രപ്രസിദ്ധമായ യാത്ര നടത്തിയത്.

ജീവചരിത്രനോവലിന് സാധാരണയായി ഒരുപാട് പരിമിതികളുണ്ടെന്ന് പുസ്തകം പ്രകാശനം ചെയ്തു സംസാരിച്ച മോഹന്‍ലാല്‍ പറഞ്ഞു. വസ്തുതകളില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ ഒരു നോവലിനു വേണ്ട വായനാസുഖവും നാടകീയതയും പലപ്പോഴും നിലനിര്‍ത്തനാവില്ല. എന്നാല്‍ സാധാരണ ഒരു നോവല്‍ നായകന്റെ ജീവിതത്തിലെ നാടകീയതകളേക്കാള്‍ അനുഭവസമ്പന്നമായിരുന്നു ശ്രീല പ്രഭുപാദയുടെ ജീവിതമെന്നതിനാലാകണം മഹായോഗി എന്ന ഈ നോവലിനെ മനസ്സില്‍ത്തട്ടുന്ന വായാനാനുഭവമാക്കി മാറ്റാന്‍ മോഹന്‍കുമാറിന് സാധിച്ചിട്ടുണ്ട്. ശ്രീല പ്രഭുപാദയേയും ഇസ്‌കോണിനെയും പറ്റി കൂടുതല്‍ അറിയാത്ത മലയാളികളുടെ ജീവിതത്തിലും അങ്ങനെ ഈ പുസ്തകം വലിയ വെളിച്ചമാകുമന്നെും മോഹന്‍ലാല്‍ പറഞ്ഞു. ഇസ്‌കോണിന്റെ ഭാഗമായ അക്ഷയപാത്ര ഫൗണ്ടേഷന്‍ ഒരു ദിവസം 20 ലക്ഷം കുട്ടികള്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. ഇത് വളരെ മഹത്തായ കാര്യമാണ്.

തന്റെ എല്ലാ കര്‍മബന്ധനങ്ങളില്‍ നിന്നും മോചിതനായ ശേഷം ജീവിതാന്ത്യത്തോടടുത്തപ്പോഴാണ് ശ്രീല പ്രഭുപാദ തന്റെ ജീവിതലക്ഷ്യത്തിലേയ്ക്ക് യാത്ര തിരിച്ചതെന്നറിയുന്നത് ആവേശകരമാണെന്ന് രചയിതാവായ കെ വി മോഹന്‍കുമാര്‍ പറഞ്ഞു.

ശ്രീല പ്രഭുപാദയുടെ ജീവിതം പറയുന്ന ആദ്യമലയാള പുസ്തകം പ്രകാശനം ചെയ്തതിന് മോഹന്‍ലാലിനോട് ഏറെ നന്ദിയുണ്ടെന്ന് ശ്രീ മധു പണ്ഡിറ്റ് ദാസ പറഞ്ഞു.

നിങ്ങളുടെ ബോധമാണ് നിങ്ങളുടെ ഗുരുവെന്ന് നിങ്ങള്‍ തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ ആത്മീയതയെന്ന് ബോബി ജോസ് കട്ടികാട് പറഞ്ഞു. അതൊരു ധൈര്യമാണ്. എല്ലാ തര്‍ക്കങ്ങള്‍ക്കും മീതെ പരക്കുന്ന പ്രകാശം. എന്തിന്റെയെങ്കിലും മുന്നില്‍ നമസ്‌കരിക്കുന്നവര്‍ ഈ പകര്‍ച്ച അനുഭവിക്കണം.

ഇസ്‌കോണ്‍ പ്രസ്ഥാനത്തിന്റെ ലാളിതവ്യം നന്മയും തിരിച്ചറിയാനായത് ഇവിടെ മഹായോഗിയുടെ ഈ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണെന്ന് സത്യന്‍ അന്തക്കാട് പറഞ്ഞു. സിനിമാറ്റിക്കായ ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നിറഞ്ഞതാണ് ഏറെ ഗവേഷണങ്ങള്‍ക്കൊടുവില്‍ മോഹന്‍കുമാര്‍ രചിച്ച മനോഹരമായ ഈ ജീവചരിത്രനോവലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button