KannurLatest NewsKeralaNattuvarthaNews

സ്വർണ മിശ്രിതം പൊടിയാക്കി പാൽ, ജ്യൂസ് പൊടിയിൽ കലർത്തി, കടത്താൻ ശ്രമിച്ചത് 27 പവൻ സ്വർണം: മുഹമ്മദ് നിഷാന്റെ അതിബുദ്ധി

കണ്ണൂർ: അതിവിദഗ്ധമായി സ്വർണം കടത്താൻ ശ്രമിച്ച കർണാടക ബട്ക്കൽ സ്വദേശി കണ്ണൂരിൽ പിടിയിൽ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി 215 ഗ്രാം സ്വർണം കടത്താനായിരുന്നു ഇയാളുടെ ശ്രമം. ഇതിനായി പുത്തൻ സാങ്കേതിക വിദ്യകളാണ് യുവാവ് പരീക്ഷിച്ചത്. കർണാടക ബട്ക്കൽ സ്വദേശി മുഹമ്മദ് നിഷാൻ ആണ് പിടിയിലായത്. ദുബായിൽ നിന്നും ഗോ ഫസ്റ്റ് വിമാനത്തിൽ എത്തിയ യാത്രക്കാരനെ ഡി.ആർ.ഐയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കസ്റ്റംസ് പരിശോധിച്ചത്.

സ്വർണ മിശ്രിതം പൊടിയാക്കിയ ശേഷം പാൽപ്പൊടി, കാരെമെൽ പൗഡർ, കോഫി ക്രീം പൗഡർ, ഓറഞ്ച് ടാങ് പൗഡർ എന്നിവയിൽ കലർത്തി അതിവിദഗ്ധമായാണ് കടത്താൻ ശ്രമിച്ചത്. 11 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണമാണ് കണ്ടെടുത്തത്. സ്വർണം കടത്താൻ യുവാക്കൾ പുതിയ പുതിയ വഴികൾ തേടുകയും ഇത് പരീക്ഷിക്കുകയും ചെയ്യുകയാണ്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വി. ശിവരാമൻ, സൂപ്രണ്ട് എൻ സി പ്രശാന്ത്, ഇൻസ്പെക്ടർമാരായ നിവേദിത ജിനദേവ്, രാജീവ് വി, ജിനേഷ്, രാംലാൽ, ഹെഡ് ഹവൽദാർ തോമസ് സേവ്യർ, കോൺട്രാക്ട് സ്റ്റാഫ് പി വി ലിനേഷ്, പ്രീഷ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

അതേസമയം, കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ കാൽപാദങ്ങളിൽ ഒട്ടിച്ച് സ്വർണം കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടിയിരുന്നു. മലപ്പുറം സ്വദേശി മുഹമ്മദ് ദിൽഷാദ് ആണ് അറസ്റ്റിലായത്. ഒന്നേമുക്കാൽ കിലോയോളം സ്വർണമാണ് ദിൽഷാദ് തന്റെ കാൽപാദങ്ങളിൽ കെട്ടിവെച്ചത്. ഷാർജയിൽ നിന്നും നെടുമ്പാശേരിയിൽ എത്തിയ ഇയാളുടെ കാൽപാദങ്ങൾക്ക് താഴെ ഒട്ടിച്ച നിലയിലായിരുന്നു സ്വർണം ഉണ്ടായിരുന്നത്. ദ്രാവക രൂപത്തിലാക്കിയ സ്വർണം കാൽപാദത്തിൽ കെട്ടിവെച്ച്, ശേഷം സോക്‌സും ഷൂസും ധരിച്ചു. എന്നാൽ, ദിൽഷാദിന്റെ നടത്തത്തിൽ പന്തികേട് തോന്നിയ കസ്റ്റംസ് ഇയാളെ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button