കോയമ്പത്തൂര്‍: കാര്‍ പൊട്ടിത്തെറിച്ചു യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചതിന് പിന്നാലെ ഏഴ് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന സംശയം ഉയരുമ്പോൾ സി.സി.ടി.വി ദൃശ്യങ്ങൾ കേസിൽ വഴിത്തിരിവാകുകയായിരുന്നു. മരിച്ചത് ഉക്കടം സ്വദേശിയും എന്‍ജിനീയറിങ് ബിരുദധാരിയുമായ ജമീഷ മുബിന്‍ (25) ആണ്. ഇയാളുടെ കൂടെ ഉണ്ടായിരുന്നു നാല് പേരെ കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. സ്‌ഫോടനം നടന്ന ദിവസം ജമീഷയുടെ വസതിക്ക് പുറത്ത് ചാക്കിൽ പൊതിഞ്ഞ ഒരു സാധനം നാല് പേർ ചേർന്ന് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. ഇവർ ജമീഷയുടെ സുഹൃത്തുക്കളാണോ എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
അതേസമയം, മരിച്ച ജമീഷയുടെ വീട്ടിൽ നിന്നും പൊട്ടാസ്യം നൈട്രേറ്റ്, ചാര്‍കോള്‍, സള്‍ഫര്‍, അലുമിനിയം പൗഡര്‍ എന്നിവ കണ്ടെത്തി. വലിയ സ്‌ഫോടനത്തിന് ഇയാള്‍ പദ്ധതി ഇട്ടിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ മുബിന്‍ തനിച്ചായിരുന്നില്ല എന്നും സിസിടിവി ദൃശ്യങ്ങളില്‍ കണ്ടവര്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നിരിക്കാമെന്നുമാണ് നിഗമനം.
23ന് പുലര്‍ച്ചെയാണ് ടൗണ്‍ ഹാളിന് സമീപം സ്‌ഫോടനം നടന്നത്. നഗരത്തിലെ പ്രധാന ക്ഷേത്രത്തിന് സമീപമായിരുന്നു സ്‌ഫോടനം. കാറില്‍ ഉണ്ടായിരുന്ന പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഇയാളെ 2019 ല്‍ ഐഎസ് ബന്ധം സംശയിച്ച് എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. വീട്ടില്‍ നടന്ന പരിശോധനയില്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയതാണ് ചാവേര്‍ ആക്രമണമെന്ന സംശയത്തിന് പ്രധാന കാരണം.
സംഭവത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ സുരക്ഷ ശക്തമാക്കി. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിലടക്കം പരിശോധന നടത്തുന്നുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെയടക്കം പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. കോട്ടായി സംഗമേശ്വരര്‍ ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും സീല്‍ ചെയ്തു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നത് തടയാനും വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
Post Your Comments