Latest NewsCricketNewsSports

ടി20 ലോകകപ്പ്: സൂപ്പർ 12ൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും

മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പർ 12ൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം. അഫ്രീദി പരിക്കിൽ നിന്ന് മുക്തനായെത്തിയ ആശ്വാസത്തിലാണ് പാകിസ്ഥാൻ. സന്നാഹ മത്സരത്തിൽ അഫ്രീദി മികച്ച പ്രകടനം നടത്തിയിരുന്നു. പാകിസ്ഥാനെതിരെ റിഷഭ് പന്തിന് പകരം ദിനേശ് കാർത്തിക് ടീമിലെത്തുമെന്നാണ് സൂചന.

പന്ത് പരിശീലനത്തിൽ നിന്ന് വിട്ടുനിന്നപ്പോൾ ദിനേശ് കാർത്തിക്ക് ബാറ്റിംഗ് കീപ്പിംഗ് പരിശീലനത്തിൽ സജീവമായി. കഴിഞ്ഞ വ‍ർഷത്തെ ടി20 ലോകകപ്പിൽ ഇന്ത്യയെ തോൽവിയിലേക്ക് തള്ളിവിട്ടത് ഷഹീൻ ഷാ അഫ്രീദിയുടെ അതിവേഗ പന്തുകളായിരുന്നു. രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും തുടക്കത്തിലെ വീണപ്പോൾ ഇന്ത്യയുടെ താളംതെറ്റി.

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്കെതിരെ പാകിസ്ഥാൻ ജയവും സ്വന്തമാക്കി. നാളെ മെൽബണിൽ ഇറങ്ങുമ്പോഴും അഫ്രീദി തന്നെയാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളി. ഇത് മറികടക്കാൻ പ്രത്യേക പരിശീലനമാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ നടത്തുന്നത്. നെറ്റ്സിൽ അഫ്രീദിയുടെ പേസും സ്വിംഗും ബൗൺസും ലെംഗ്‌തും അനുസരിച്ചുള്ള പന്തുകളെറിഞ്ഞാണ് പരിശീലനം. രോഹിത്താണ് കൂടുതൽ സമയം പരിശീലനം നടത്തിയത്.

ഹാരിസ് റൗഫ്, നസീം ഷാ എന്നിവരുടെ പന്തുകൾക്കനുസരിച്ചും രോഹിത് ബാറ്റിംഗ് പരിശീലനം നടത്തി. ത്രോഡൗൺ ബൗളർമാർക്കൊപ്പം മുഹമ്മദ് സിറാജും ഷാർദുൽ താക്കൂറും നെറ്റ്സിൽ പന്തെറിഞ്ഞു. വിരാട് കോഹ്ലി, ഹർദ്ദിക് പാണ്ഡ്യ, യുസ്‍വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ എന്നിവരും പരിശീലന നടത്തി. അതേസമയം, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ എന്നിവരിലാണ് ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷ.

Read Also:- പൊലീസെന്ന വ്യാജേന സ്വകാര്യ ബസ് തടഞ്ഞു നിർത്തി യാത്രക്കാരനിൽ നിന്നും ഒന്നരക്കോടിയോളം രൂപ കവർച്ച നടത്തി: 4പേര്‍ പിടിയില്‍

അതേസമയം, സൂപ്പർ 12ലെ ആദ്യ പോരാട്ടത്തിൽ ഓസീസിനെ 89 റൺസിന് തകർത്ത് ന്യൂസിലന്‍ഡ് മികച്ച തുടക്കം നേടി. ദേവോണ്‍ കോണ്‍വേയുടെ അര്‍ധ സെഞ്ചുറി മികവിൽ ന്യൂസിലന്‍ഡ് 20 ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 200 റണ്‍സെടുത്തപ്പോൾ മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ 17.1 ഓവറിൽ 111ന് എല്ലാവരും പുറത്തായി. മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് അഫ്ഗാനിസ്ഥാനെ തകർത്തു.

ഇന്ത്യയുടെ സാധ്യത ഇലവൻ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെഎൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹർദ്ദിക് പാണ്ഡ്യാ, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, യുസ്‍വേന്ദ്ര ചാഹൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button