തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് സമീപം നിന്ന് പരസ്യമായി ലഹരി ഉപയോഗിക്കുന്ന പൊലീസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കേരള പൊലീസിന്റേതെന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചിരുന്നത്. എന്നാൽ, ഇത് തെറ്റാണെന്നും വീഡിയോയിൽ കേരള പോലീസ് അല്ലെന്നുമാണ് വിശദീകരണം. മറ്റൊരു സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ ഉള്ള കാറില്‍ വന്ന ഇതര സംസ്ഥാന പോലീസ് യൂണിഫോമില്‍ വന്ന ആളാണ് വീഡിയോയില്‍ കാണുന്നതെന്നും പോലീസ് അറിയിച്ചു.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വെഞ്ഞാറമൂട് പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും കേരള പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട വെമ്പായം എന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പോലീസ് യൂണിഫോമില്‍ ലഹരി വസ്തു ഉപയോഗിക്കുന്നതാണ് വീഡിയോ. തൊട്ടടുത്തായി ഒരു വിദ്യാര്‍ത്ഥി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
‘ബഹുമാന്യരെ,ഇന്ന് രാവിലെ മുതല്‍ (22/10/2022 ) സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട വെമ്പായം എന്ന സ്ഥലത്ത് ഒരാള്‍ പോലീസ് യൂണിഫോമില്‍ പാന്‍ മസാല പോലെ എതോ സാധനം ഉപയോഗിക്കുന്നതായി ഉള്ള വീഡിയോ കാണുകയും, തുടര്‍ന്ന് വീഡിയോയിലെ യൂണിഫോമിലുള്ള വ്യത്യസ്തത ശ്രദ്ധയില്‍ പെട്ടപ്പൊള്‍ സ്ഥലത്ത് പോയി അന്വേഷണം നടത്തുകയും, തത്സമയത്തെ CCTV വിഷ്യല്‍സ് പരിശോധിക്കുകയും ചെയ്തിട്ടുള്ളും, CCTV പരിശോധിച്ചതില്‍ മറ്റൊരു സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ ഉള്ള ഒരു കാറില്‍ വന്ന ഇതര സംസ്ഥാന പോലീസ് യൂണിഫോമില്‍ വന്ന ആളാണ് വീഡിയോയില്‍ ഉള്‍പ്പെട്ടത് എന്ന് കാണുകയും ആയതില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുള്ളതുമാണ്. എന്നാല്‍ കേരളാ പോലീസിന്റെ പേരില്‍ തെറ്റിദ്ധാരണ പരത്തി പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ വസ്തുത പൊതു സമൂഹം തിരിച്ചറിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’, പോലീസ് ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
Post Your Comments