പാസ്‌വേഡുകൾ പങ്കിടുന്ന ഉപയോക്താക്കൾക്ക് അറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. റിപ്പോർട്ടുകൾ പ്രകാരം, മറ്റുള്ളവർക്കും കൂടി പാസ്‌വേഡ് പങ്കിടുന്ന ഉപയോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കാനാണ് പദ്ധതിയിടുന്നത്. അടുത്തിടെ കമ്പനിയുടെ വരുമാനത്തിൽ വൻ നഷ്ടം നേരിട്ടിരുന്നു. കൂടാതെ, സബ്സ്ക്രൈബ് ചെയ്യുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി നെറ്റ്ഫ്ലിക്സ് രംഗത്ത് എത്തിയത്. 2023 മുതൽ ഈ നിയമം പ്രാബല്യത്തിലാകുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചിട്ടുണ്ട്.
നിലവിൽ, പാസ്‌വേഡ് പങ്കിടുന്നവരിൽ നിന്നും എത്ര തുക ഈടാക്കുമെന്ന് നിശ്ചയിച്ചിട്ടില്ല. സൂചനകൾ പ്രകാരം, രണ്ട് ഡോളർ മുതൽ നാലു ഡോളർ വരെ ആകാനാണ് സാധ്യത. അധിക ഫീസ് നൽകാൻ ആഗ്രഹിക്കാത്ത ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകൾ കൈമാറാൻ സഹായിക്കുന്ന മൈഗ്രേഷൻ ടൂൾ പ്രയോജനപ്പെടുത്താവുന്നതാണ്.
ആദ്യ ഘട്ടത്തിൽ ഓസ്ട്രേലിയ, ബ്രസീൽ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, കൊറിയ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലാണ് അധിക നിരക്ക് ഈടാക്കുക. അതേസമയം, ഇന്ത്യയിൽ ഈ പ്ലാൻ എപ്പോൾ നടപ്പിലാക്കുമെന്ന് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Post Your Comments