കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും സമയമാകുമ്പോൾ പുറത്തുവിടുമെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. തന്റെ ആത്മകഥയുടെ രണ്ടാം ഭാഗത്തിൽ ന്യൂക്ലിയർ ബോംബുണ്ടാകുമെന്നും സ്വാപ്ന പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്വപ്ന. പുസ്തകം എഴുതാമെന്ന് തോന്നാൻ കാരണം ശിവശങ്കറിന്റെ ആത്മകഥയാണെന്നും, അദ്ദേഹം തന്റെ ആത്മകഥയിൽ തെറ്റായ കാര്യങ്ങൾ ഒരുപാട് എഴുതിയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.
‘എന്നെ ചതിക്കാൻ ശ്രമിച്ചു. തെറ്റായ കാര്യങ്ങളെഴുതി ശിവശങ്കർ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു. ഞാൻ എഴുതിയിരിക്കുന്നത് എന്റെ ആത്മാവിലും എന്റെ ജീവിതത്തിലും നടന്ന സംഭവങ്ങൾ ആണ്. ഞാൻ ജയിലിൽ ആയിരുന്ന സമയം എന്നെ വൃത്തികെട്ട രീതിയിൽ പലരും ചിത്രീകരിക്കാൻ തുടങ്ങി. തെരഞ്ഞെടുപ്പ് സമയത്ത് സ്വപ്ന സുന്ദരി എന്നൊക്കെ പറഞ്ഞ് എനിക്കെതിരെ പലരും സംസാരിച്ചു. സ്ത്രീയെന്ന പരിഗണ മാത്രമല്ല, ഒരമ്മയെന്ന പരിഗണന പോലും ആരും നൽകിയില്ല. പുസ്തകം പൂർത്തിയായിട്ടില്ല. ഇനിയും ഭാഗങ്ങൾ പുറത്തുവരാനുണ്ട്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും വേണ്ടി അതിവേഗം പദ്ധതികൾ തയ്യാറാക്കി എന്തും വളച്ചോടിക്കാൻ കഴിവുള്ള വ്യക്തിയാണ് ശിവശങ്കർ. അയാൾക്ക് പെട്ടെന്ന് കള്ളം പറയാൻ പറ്റും. എല്ലാത്തിന്റെയും പിന്നിലുള്ള മാസ്റ്റർ ബ്രയിൻ ആണ് ശിവശങ്കർ. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ തെളിവുകൾ തന്റെ പക്കലുണ്ട്. എന്റെ ആത്മകഥയുടെ രണ്ടാം ഭാഗത്തിൽ ന്യൂക്ലിയർ ബോംബുണ്ടാകും. ആദ്യ ഭാഗത്തിൽ എഴുതിയതിൽ മസാലകൾ മാത്രമാണ് മാധ്യമങ്ങൾ വാർത്തയാക്കിയത്’, സ്വപ്ന പറയുന്നു.
Post Your Comments