അടൂര്‍: ജനോപകാരപ്രദമായ സേവനം നല്‍കുന്നതില്‍ വില്ലേജ് ഓഫീസുകളുടെ പങ്ക് അഭിനന്ദനാര്‍ഹമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളും മികവാര്‍ന്നതാകും. ആവശ്യമായ രേഖകള്‍ എത്രയും വേഗം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ ഒരു വില്ലേജ് ആഫീസ് നിര്‍വഹിക്കുന്ന സേവനം ഒട്ടും ചെറുതല്ല. നാടെങ്ങും ഓണ്‍ലൈന്‍ സാക്ഷരതയിലേക്ക് മാറുന്ന ഈ സമയത്ത് കാലത്തിനനുസൃതമായി നാം മാറണം. അടൂര്‍ മണ്ഡലത്തിനെ സമ്പൂര്‍ണമായി സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായി ഐ.എച്ച്.ആര്‍.ഡി.യിലെ എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ പഠിപ്പിക്കുവാന്‍ വേണ്ട പരിശീലനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ആറുമാസത്തിനകം തന്നെ പുതിയ വില്ലേജ് ഓഫീസ് പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
അടൂര്‍ താലൂക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസുകളിലും ഇ- ഓഫീസ് ആക്കുന്നതിന്റെ ഭാഗമായി 15 ലക്ഷം രൂപ സ്ഥലം എംഎല്‍എ കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ അനുവദിച്ചിരുന്നു.1400 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ 42 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് നിര്‍മ്മിക്കുന്നത്. നാലു മുറിയും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെ സൗകര്യങ്ങളോടു കൂടിയ ഓഫീസ് നിര്‍മ്മിക്കുന്നത് ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ്.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കള്‍, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, അടൂര്‍ തഹസീല്‍ദാര്‍ ജി.കെ പ്രദീപ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ല നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ എസ്. സനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments