രാജ്യത്തെ പൊതുമേഖല ഇൻഷുറൻസ് കമ്പനികൾക്ക് ആശ്വാസം പകർന്ന് കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, പൊതുമേഖല ഇൻഷുറൻസ് കമ്പനികൾക്ക് 5,000 കോടി രൂപ അനുവദിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. നിലവിൽ, ജീവനക്കാരുടെ ശമ്പള പരിഷ്കരണം, അഞ്ചുവർഷത്തെ കുടിശ്ശിക അനുവദിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് 8,000 കോടി രൂപയുടെ അധിക ചിലവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ ഇടപെടൽ. അതേസമയം, പൊതുമേഖല ഇൻഷുറൻസ് കമ്പനികളുടെ മൂലധന നിക്ഷേപം ഉയർത്തുന്നത് കൂടി പരിഗണിച്ചാണ് സർക്കാർ പണം അനുവദിക്കുന്നത്.
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പ്രകാരം, ബാധ്യതയെക്കാൾ കൂടുതൽ ആസ്തി വേണമെന്നുണ്ട്. ഈ മാനദണ്ഡങ്ങൾ കൂടി പരിഗണിച്ചതിനുശേഷമാണ് അന്തിമ തീരുമാനം എടുക്കുക. നാഷണൽ ഇൻഷുറൻസിന് 3,700 കോടി രൂപയും, ഓറിയന്റൽ ഇൻഷുറൻസിന് 1,200 കോടി രൂപയും, യുണൈറ്റഡ് ഇൻഷുറൻസിന് 100 കോടി രൂപയുമാണ് അനുവദിക്കുക. നിലവിൽ, പൊതുമേഖലയിലെ ഇൻഷുറൻസ് കമ്പനികളിൽ ന്യൂ ഇന്ത്യ അഷ്വറൻസ് മാത്രമാണ് ലാഭത്തിൽ പ്രവർത്തിക്കുന്നത്. മറ്റു മൂന്ന് ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തനം നഷ്ടത്തിലാണ്.
Also Read: ഇലന്തൂർ നരബലി: ആർഎസ്എസിനെതിരെ മന്ത്രി ആർ ബിന്ദുവിന്റെ വിചിത്ര വാദം
Post Your Comments