തിരുവനന്തപുരം: 2019 ഡിസംബർ 31 വരെ സമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് പ്രാദേശിക സർക്കാരുകളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് 2023 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ധനവകുപ്പ് അറിയിച്ചു. 2022 സെപ്തംബർ ഒന്നിനു ശേഷം വില്ലേജ് ഓഫീസുകളിൽ നിന്നു ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ആറു മാസത്തോളം സമയം അനുവദിച്ചിട്ടുള്ളതിനാൽ വില്ലേജ് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും അനാവശ്യ തിരക്ക് ഉണ്ടാകുന്നത് ഒഴിവാക്കണം. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങളിലും വില്ലേജ് ഓഫീസുകളിലും പെൻഷൻ ഗുണഭോക്താക്കൾ കൂട്ടമായെത്തുന്നത് തിരക്കു വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.
2023 ഫെബ്രുവരി 28 നുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർക്ക് മാത്രമേ പെൻഷൻ തടയപ്പെടുകയുള്ളൂ. നിലവിൽ അർഹരായിട്ടുള്ള എല്ലാ ഗുണഭോക്താക്കൾക്കും 2023 ഫെബ്രുവരി വരെ പെൻഷൻ ലഭിക്കും. 2020 ജനുവരി ഒന്നു മുതൽ പെൻഷൻ അനുവദിക്കപ്പെട്ടവർ വീണ്ടും വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ലെന്നും ധനവകുപ്പ് വ്യക്തമാക്കി.
Post Your Comments