KeralaLatest NewsNews

റോഡ് കുത്തിപ്പൊളിച്ചാൽ പുനഃസ്ഥാപിക്കേണ്ട ഉത്തരവാദിത്തം ജല അതോറിറ്റിക്കാണ്: മന്ത്രി മുഹമ്മദ് റിയാസ്

പത്തനംതിട്ട: പൈപ്പിടലിനായി ജല അതോറിറ്റി വെട്ടിപ്പൊളിക്കുന്ന റോഡുകൾ എല്ലാ വർഷവും ഡിസംബർ 31ന് മുൻപായി പൂർവസ്ഥിതിയിലാക്കണമെന്ന് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. ഡിസംബറിന് ശേഷമുള്ള 3 മാസം പൊതുമരാമത്ത് വകുപ്പിന്റെ അറ്റകുറ്റപ്പണികൾക്കായി വിട്ടു കിട്ടണമെന്നും മഴക്കാലത്തിന് മുന്നോടിയായി റോഡുകൾ ഉന്നത നിലവാരത്തിലാണെന്ന് ഉറപ്പുവരുത്താൻ ഇത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

റോഡ് കുത്തിപ്പൊളിച്ചാൽ പുനഃസ്ഥാപിക്കേണ്ട ഉത്തരവാദിത്തം ജല അതോറിറ്റിക്കാണ്.

എന്നാൽ, ഈ രീതി പലയിടത്തും നടപ്പാകുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ജില്ലയിലെ റോഡ് പ്രവൃത്തികളുടെ പരിശോധനയ്ക്കു ശേഷം പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ജല അതോറിറ്റി വെട്ടിപ്പൊളിച്ച 184 റോഡുകൾ ഇപ്പോഴും പൂർവസ്ഥിതിയിലാക്കിയിട്ടില്ല. ഈ സമീപനം ഇനി അനുവദിക്കാനാകില്ലെന്നും മന്ത്രി താക്കീത് നല്‍കി. റോഡുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നടക്കുന്ന ഉന്നതതല ചർച്ചയിൽ ജലവിഭവ വകുപ്പ് മന്ത്രിയും സഹകരിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. എല്ലാ വർഷവും ഡിസംബർ 31ന് മുൻപായി റോഡുകളിൽ ജല അതോറിറ്റി നടത്തുന്ന ജോലികൾ പൂർത്തിയാക്കുന്ന കാര്യം ഇരു വകുപ്പുകളും തമ്മിൽ ഉടനെ ധാരണയിലെത്തുമെന്നും മന്ത്രി അറിയിച്ചു.

ഫീൽഡിൽ പോകാതെ ഓഫിസിൽ മാത്രമായി സമയം ചെലവിടാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും ഇതോടൊപ്പം മന്ത്രി അറിയിച്ചു.

ശബരിമല പാതയിലെ പാലങ്ങൾ സൗന്ദര്യവൽക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.യു ജനീഷ് കുമാർ എം.എൽ.എ, കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button