ക്യാപ്റ്റൻമാരുടെ ശമ്പളത്തിൽ പുതിയ മാറ്റങ്ങളുമായി സ്പൈസ് ജെറ്റ്. റിപ്പോർട്ടുകൾ പ്രകാരം, ക്യാപ്റ്റൻമാരുടെ ശമ്പളം വർദ്ധിപ്പിക്കാനാണ് സ്പൈസ് ജെറ്റ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി 80 മണിക്കൂർ ജോലി ചെയ്യുന്നതിന് പ്രതിമാസം 7 ലക്ഷം രൂപയാണ് ശമ്പളമായി നൽകുക. നിലവിൽ, എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീമിന്റെ ആദ്യഘട്ട പേയ്മെന്റ് സ്പൈസ് ജെറ്റിന് ലഭിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് ക്യാപ്റ്റൻമാർക്ക് 20 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. നവംബർ മുതൽ പുതുക്കിയ ശമ്പളം പ്രാബല്യത്തിലാകും.
ക്യാപ്റ്റൻമാർക്ക് പുറമേ, പരിശീലകരുടെയും സീനിയർ ഓഫീസർമാരുടെയും ശമ്പളം വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ, സ്പൈസ് ജെറ്റ് പരിശീലകർക്ക് 10 ശതമാനവും, ക്യാപ്റ്റൻമാർക്കും ഓഫീസർമാർക്കും 8 ശതമാനവും ശമ്പളം വർദ്ധിപ്പിക്കുമെന്ന് സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശമ്പള വർദ്ധനവ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ സർവീസുകൾ നടത്തുന്ന എയർലൈനാണ് സ്പൈസ് ജെറ്റ്.
അടുത്തിടെ ചിലവ് ചുരുക്കലുമായി ബന്ധപ്പെട്ട് ഏകദേശം 80 ഓളം പൈലറ്റുമാരോട് വേതനമില്ലാതെ മൂന്നു മാസത്തേക്ക് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം, ബോയിംഗ് 737 ഫ്ലീറ്റിലെയും ബൊംബാർഡിയർ ക്യു 400 ഫ്ലീറ്റിലെയും പൈലറ്റുമാർ വേതന രഹിത അവധിയിലാണ്.
Post Your Comments