മലപ്പുറം: ഭാരത് മാല പദ്ധതിപ്രകാരം നിർമിക്കുന്ന കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് പാതക്കായി ജില്ലയിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമി അടയാളപ്പെടുത്തുന്ന കല്ലിടൽ കരുവാരക്കുണ്ട് വില്ലേജിൽ ആരംഭിച്ചു. എടപ്പറ്റ വില്ലേജിൽ നിന്നും കരുവാരകുണ്ട് വില്ലേജിലേക്ക് ഗ്രീൻഫീൽഡ്പാത പ്രവേശിക്കുന്ന പുളിയക്കോട് ഭാഗത്താണ് കല്ലിടൽ ആരംഭിച്ചത്.
കല്ലിടൽ ദേശീയ പാത ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ അരുണും കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് പൊന്നമ്മ ടീച്ചർ, വാർഡ് മെമ്പർ വി.ഉണ്ണികൃഷ്ണൻ, എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ ദേശീയപാത സ്ഥലമെടുപ്പ് കാര്യാലയം തഹസിൽദാർ ഷംസുദ്ദീൻ, ലേയ്സണ് ഓഫിസർ സി.വി മുരളീധരൻ, റിട്ട. തഹസിൽദാർമാരായ വർഗീസ് മംഗലം, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവർ പങ്കെടുത്തു.
കരുവാരകുണ്ട് പഞ്ചായത്തിൽ പാതകടന്നുപോകുന്ന സ്ഥലങ്ങളിൽ ഇരുവശത്തുമായി 76 അതിർത്തി കല്ലുകളാണ് സ്ഥാപിക്കുക. ഇത് ഇന്ന് പൂർത്തിയാകും.
കരുവാരകുണ്ട് പഞ്ചായത്തിൽ 1.9 കിലോമീറ്റർ നീളത്തിലാണ് ഗ്രീൻഫീൽഡ് പാത കടന്നുപോകുന്നത്. പഞ്ചായത്തിലെ പനഞ്ചോല, പുത്തനഴി, ഇരിങ്ങാട്ടിരി എന്നീ മൂന്ന് വർഡുകളിലൂടെയാണ് പുതിയപാത കടന്നുപോകുക. തുടർന്ന് ഇരിങ്ങാട്ടിരി വാർഡിലെ ആലത്തൂരിൽ വച്ച് തുവ്വൂർ വില്ലേജിലേക്ക് ഗ്രീൻഫീൽഡ്പാത പ്രവേശിക്കും. കരുവാരകുണ്ട് – മേലാറ്റൂർ മലയോരപാതയ്ക്കും ഇരിങ്ങാട്ടിരി-തുവ്വൂർ പാതയ്ക്കും കുറുകെയാണ് പുതിയ ദേശീയപാത കടന്നാണ് പോകുക.
പദ്ധതിയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയിൽ കല്ലുകൾ സ്ഥാപിച്ച് അതിർത്തി തിരിച്ചശേഷം റവന്യു അധികൃതർ ഭൂമി നഷ്ടപ്പെടുന്നവരുടെ കണക്കെടുപ്പ് നടത്തും. നാശനഷ്ടങ്ങളുടെ കണക്കെടുപ്പിന് ശേഷം വിലനിർണയത്തിലേക്ക് കടക്കുന്നതാണ്. നഷ്ടപ്പെടുന്ന ഭൂമി, കെട്ടിടങ്ങൾ, കാർഷിക വിളകൾ, മരങ്ങൾ എന്നിവയ്‌ക്കോരോന്നിനും പ്രത്യേകം വിലനിശ്ചയിക്കുന്നുന്നതാണ്. ഭൂമിയുടെ വില റവന്യു അധികൃതരും കെട്ടിടമുൾപ്പെടെയുള്ള നിർമിതികളുടെ വില പൊതുമരാമത്തു ഉദ്യോഗസ്ഥരും കാർഷികവിളകളുടേത് കൃഷിഓഫീസർമാരും മരങ്ങളുടേത് വനംവകുപ്പ് ഉദ്യോഗസ്ഥരുമാണ് നിശ്ചയിക്കുക. ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് നിശ്ചയിക്കുന്ന വിലയുടെ രണ്ടര ഇരട്ടിയും മറ്റുള്ളവയ്ക്ക് ഇരട്ടിയും നഷ്ടപരിഹാരമായി ലഭിക്കും. ദേശീയപാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് പദ്ധതിയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം നല്‍കുക.
Post Your Comments