തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ (ഐ.എൽ.ജി.എം.എസ്) ഭാഗമായി ഫയൽ തീർപ്പാക്കലിൽ മികച്ച നേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്തുകൾക്ക് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പുരസ്‌കാരം. ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികച്ച പ്രകടനം കൈവരിച്ച പഞ്ചായത്തുകളെയാണ് ആദരിക്കുന്നത്. പാലക്കാട് ജില്ലയിലെ കൊടുവായൂർ പഞ്ചായത്താണ് സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയത്. മലപ്പുറത്തെ മൂത്തേടം രണ്ടാം സ്ഥാനത്തും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വടക്ക് മൂന്നാം സ്ഥാനത്തുമെത്തി. പഞ്ചായത്ത് പ്രസിഡന്റുമാരെ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. അവാർഡ് ഒക്ടോബർ 28ന് വിതരണം ചെയ്യും.
ലോകത്തിന്റെ ഏത് ഭാഗത്തുമിരുന്ന് 24 മണിക്കൂറും പഞ്ചായത്ത് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന ഐ.എൽ.ജി.എം.എസ് സംവിധാനത്തിലൂടെ 52 ലക്ഷത്തിലധികം ഫയലുകളാണ് കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കൈകാര്യം ചെയ്തത്. ഇതിൽ 86%ത്തിലധികം ഫയലുകളും തീർപ്പാക്കിയിട്ടുണ്ട്. സമയബന്ധിതമായും അഴിമതി രഹിതമായും സേവനങ്ങളൊരുക്കുന്ന ഐ.എൽ.ജി.എം.എസ് ഇ-ഗവേണൻസ് രംഗത്തെ കേരളത്തിന്റെ ശ്രദ്ധേയ ചുവടുവെപ്പാണെന്നും മന്ത്രി പറഞ്ഞു.
ഫയൽ നടപടിക്രമം കൃത്യതയോടെ നടക്കുന്നതും പൊതുജനങ്ങൾക്ക് കാലതാമസം ഇല്ലാതെ സേവനം ലഭിക്കുന്നതും പരിഗണിച്ചാണ് അവാർഡ് നിർണയിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനത്തെത്തിയ കൊടുവായൂർ ഗ്രാമപഞ്ചായത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 30 വരെ 3799 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 3609 അപേക്ഷകളും (94.99%) സെപ്റ്റംബർ 30നകം തീർപ്പാക്കിയിരുന്നു. ഇതിൽ 3507 ഫയലുകളും സേവനം ഉറപ്പാക്കേണ്ട തീയതിക്ക് മുൻപ് തന്നെ തീർപ്പാക്കിയിരുന്നു. പഞ്ചായത്ത് ഭരണ സമിതിയെയും ജീവനക്കാരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നടന്ന ഫയൽ തീർപ്പാക്കൽ പ്രക്രീയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വളരെ മികച്ച രീതിയിൽ നടന്നെന്ന് മന്ത്രി പറഞ്ഞു. മാസത്തിലെ ഒരു അവധി ദിനത്തിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മാത്രമായി ജീവനക്കാരെത്തി. ഫയൽ തീർപ്പാക്കൽ പ്രക്രീയയിൽ പങ്കാളികളായ എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. പഞ്ചായത്തുകളെ ഇത്തരത്തിൽ വിലയിരുത്തുന്നത് പ്രകടനം മെച്ചപ്പെടാൻ സഹായിക്കും. പിന്നിലുള്ള പഞ്ചായത്തുകൾ കൂടുതൽ മികവോടെ ഇടപെടാൻ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു.
Post Your Comments