തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും എതിരായ കൊലക്കുറ്റം ഒഴിവാക്കി കോടതി. ശ്രീറാമിനെതിരെ നിലനിലനില്ക്കുന്നത് മനഃപൂർവമല്ലാത്ത നരഹത്യ മാത്രമാണെന്ന് കോടതി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. വഫയ്ക്കെതിരെ മോട്ടോര്‍ വാഹന കേസ് മാത്രമാണുണ്ടാകുക.
മനഃപൂർവമല്ലാത്ത നരഹത്യയ്ക്കൊപ്പം, അലക്ഷ്യമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമുള്ള കേസ് ശ്രീറാമിനെതിരെ നിലനില്ക്കും. പ്രതികളുടെ വിടുതല്‍ ഹര്‍ജികളില്‍ വിധി പറയുന്നതിനിടെയാണ് വഫയെയും ശ്രീറാമിനെയും കൊലക്കുറ്റത്തില്‍ നിന്ന് കോടതി ഒഴിവാക്കിയത്. ശ്രീറാം മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നായിരുന്നു പ്രതിഭാഗം വായടിച്ചത്. എന്നാൽ, ഇത് കോടതി തള്ളിയില്ല.
കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നും തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നാണ് വിടുതല്‍ ഹര്‍ജികളില്‍ ഇരുവരും ആവശ്യപ്പെട്ടിരുന്നത്. ഇതൊരു സാധാരണ വാഹനാപകടം മാത്രമാണെന്നാണ് ശ്രീറാം ഹർജിയിൽ ഉന്നയിച്ചത്. അതേസമയം സംഭവം നടന്ന ഉടന്‍ രക്ത സാമ്പിളെടത്തിരുന്നെങ്കില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തുമായിരുന്നെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടി. പരിശോധനയില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം ലഭ്യമാകുന്ന പരമാവധി സമയം എട്ടുമണിക്കൂറാണ്. അതുകഴിഞ്ഞ ശേഷമാണ് രക്തമെടുക്കാന്‍ പ്രതി അനുമതി നല്‍കിയത്. അതിനാല്‍ പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നും വിടുതല്‍ ഹര്‍ജി അനുവദിക്കരുതെന്നും പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
Post Your Comments