തിരുവനന്തപുരം: നെല്ല് സംഭരണ പ്രശ്നത്തിൽ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് അടിയന്തരമായി സംഭരണം ആരംഭിക്കാന്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. സംഭരണ സീസണ്‍ ആരംഭിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും വ്യക്തമായ തീരുമാനം എടുക്കാന്‍ സാധിക്കാത്ത ഗവണ്‍മെന്‍റ് ഈ കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത് എന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. പാലക്കാടും കുട്ടനാട്ടിലും കൊയ്തു കഴിഞ്ഞ സ്ഥലങ്ങളില്‍ തുറസ്സായ സ്ഥലങ്ങളിലും പാടത്തും കൂട്ടിയിട്ട നെല്ല് മുളച്ചു തുടങ്ങിയിരിക്കുകയാണ്. കാലം തെറ്റിവന്ന മഴ കൃഷിക്കാരുടെ മനസ്സില്‍ വലിയ ആശങ്ക ഉളവാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കിലോ ഗ്രാമിന് 15 രൂപയില്‍ കൂടുതല്‍ അരി വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിക്കഴിഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അരി വാങ്ങാന്‍ ചര്‍ച്ച നടത്തുന്നതോടൊപ്പം കേരളത്തില്‍ ലഭ്യമായ നെല്ല് സംഭരിക്കാന്‍ മുന്നൊരുക്കം നടത്താത്ത സര്‍ക്കാര്‍ ഗുരുതരമായ കൃത്യ വിലോപമാണ് കാണിക്കുന്നത്. കൃഷി, സിവില്‍-സപ്ലൈസ്-സഹകരണ വകുപ്പുകള്‍ ഒന്നായി ചേര്‍ന്ന് ഈ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കി സംഭരണം ആരംഭിക്കണമെന്നും അനിശ്ചിതത്വം നീണ്ടു പോകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് ഈ കാര്യത്തില്‍ അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
Post Your Comments