തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് പേരൂര്‍ക്കടയിലെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം. നീണ്ട സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ദത്ത് നൽകിയ കുഞ്ഞിനെ അതിന്റെ യഥാർത്ഥ മാതാപിതാക്കൾക്ക് തിരികെ ലഭിച്ചു. കുഞ്ഞിനെ തിരിച്ച് കിട്ടിയ അനുപമയ്ക്കും അജിത്തും അവന് എയ്ഡൻ എന്ന് പേരുമിട്ടു. ഇന്ന് അവന്റെ രണ്ടാം പിറന്നാൾ ആണ്. ഒന്നാമ പിറന്നാൾ ആഘോഷിക്കാൻ അനുപമയ്ക്കും അജിത്തിനും കഴിഞ്ഞില്ല. അതിന്റെ നിരാശയും രണ്ടാം പിറന്നാളിൽ തീരും.
സമരത്തില്‍ പിന്തുണ തന്നവര്‍ക്കും അജിത്തിന്റെ ബന്ധുക്കള്‍ക്കുമൊപ്പം അവന്റെ രണ്ടാം പിറന്നാള്‍ ആഘോഷിക്കുക. പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല ഹാളില്‍ ബുധനാഴ്ച വൈകീട്ട് 5.30-നാണ് ആഘോഷം. അജിത്തിന്റെ ബന്ധുക്കൾക്ക് മാത്രമാണ് ക്ഷണമുള്ളത്. അനുപമയുടെ വീട്ടിൽ കുഞ്ഞിന്റെ പിറന്നാൾ ആഘോഷത്തെ കുറിച്ച് അറിയിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.
അമ്മയില്‍ നിന്ന് ബന്ധുക്കള്‍ എടുത്തുമാറ്റിയ കുഞ്ഞിനെ തിരികെക്കിട്ടാന്‍ അനുപമ നടത്തിയ നിയമപോരാട്ടം കഴിഞ്ഞ വര്‍ഷം കേരളം കണ്ടതാണ്. ദത്ത് വിവാദത്തില്‍ നിര്‍ണായകമായ ഡിഎന്‍എ ഫലം അനുകൂലമാവുകയും കുഞ്ഞിനെ തിരികെ ലഭിക്കുകയുമായിരുന്നു. മകന് എയ്ഡൻ അജിത്ത് എന്നാണ് പേരിട്ടിരിക്കുന്നത്. Aiden എന്ന വാക്കിന് അർത്ഥം ‘ചെറു ജ്വാല’ എന്നാണ്. ഐറിഷ് ഐതിഹ്യത്തിൽ നിന്നാണ് എയ്ഡൻ എന്ന പേര് ഉത്ഭവിച്ചത്. തങ്ങള്‍ക്ക് ജീവിക്കാന്‍ സൈബര്‍ പോരാളികളുടെ സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ടെന്ന് അനുപമ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സൈബര്‍ ഇടങ്ങളില്‍ തനിക്കും പങ്കാളിയ്ക്കും എതിരെ പ്രചാരണങ്ങള്‍ നടത്തിയവര്‍ വിഡ്ഢികളാണെന്നും അനുപമ പരിഹസിച്ചു.
‘നമ്മുടെ ജീവിതം തീരുമാനിക്കേണ്ടത് നമ്മളാണ്, അപ്പോഴാണ് നമുക്ക് സന്തോഷം ഉണ്ടാവുക. നാട്ടുകാര്‍ പറയുന്നത് കേട്ട് ജീവിച്ചാല്‍ അവര്‍ക്കായിരിക്കും സന്തോഷം ഉണ്ടാവുക. എനിക്കും ഭര്‍ത്താവിനും നേരെ നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടു. അതിന് പിന്നാലെ പോയിരുന്നെങ്കില്‍ ഇന്ന് കുഞ്ഞിനെ ഞങ്ങള്‍ക്ക് ലഭിക്കുന്ന നില ഉണ്ടാവുമായിരുന്നില്ല. അത് കേട്ടും പ്രതികരിച്ചും നിന്നാല്‍ തളര്‍ന്ന് ഇരിക്കുന്ന നിലയുണ്ടാവുമായിരുന്നു. ആദ്യ ഘട്ടത്തില്‍ ഇത്തരം സൈബര്‍ പ്രചാരണങ്ങളില്‍ വിഷമം ഉണ്ടായിരുന്നു. പിന്നീട് തമാശയായി, അവസാനം സൈബര്‍ ആക്രമണങ്ങളെ പരിഗണിക്കാതായി’, അനുപമ പറയുന്നു
Post Your Comments