മിക്ക വീടുകളിലും വെറുതെ ഒഴിച്ചു കളയുന്ന ഒന്നാണ് കഞ്ഞിവെള്ളം. എന്നാൽ, തലമുടിയുടെ സംരക്ഷണത്തിനും താരനും കഞ്ഞിവെള്ളം ഫലപ്രദമായി ഉപയോഗിക്കാനാവും. മികച്ച ഹെയർപാക്കുകൾ ഉണ്ടാക്കാൻ കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
കഞ്ഞി വെള്ളം ഒരു കുപ്പിയിലാക്കി നന്നായി അടച്ചു വെക്കുക. പിറ്റേന്ന് ഇതിലേക്ക് ഇരട്ടി അളവിൽ പച്ച വെള്ളം ചേർക്കണം. ഇതിൽ നാലു തുള്ളി ലാവെൻഡർ ഓയിൽ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. മുടി കഴുകി കണ്ടിഷണർ കൂടി ഉപയോഗിച്ചശേഷം ഈ വെള്ളം തലമുടിയുടെ മുകളിൽ നിന്നും അറ്റത്തേക്ക് ഒഴിക്കാം. മുടികൾക്കിടയിൽ നന്നായി മസാജ് ചെയ്ത് എല്ലാ സ്ഥലത്തും ഈ വെള്ളം പിടിപ്പിക്കണം. ശേഷം സാധാരണ വെള്ളത്തിൽ കഴുകി ഉണക്കാം. തലയിലെ താരൻ, ചൊറിച്ചിൽ, ഫംഗസ് എന്നീ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഇത് സഹായിക്കും.
കറിവേപ്പിലയും തുളസിയും നന്നായി അരച്ചെടുക്കുക. ഇതിലേക്ക് സവാളയുടെ നീരു കൂടി ചേർത്ത് മിശ്രിതമാക്കാം. ഈ മിശ്രിതം കുറച്ചു കഞ്ഞി വെള്ളം കൂടി ചേർത്തു കുഴമ്പു പരുവത്തിൽ ആക്കി തലയിൽ തേച്ചു പിടിപ്പിക്കാം. 15 മിനിറ്റുനേരം ഷവർ ക്യാപ് ഉപയോഗിച്ച് കെട്ടി വെക്കാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.
അഞ്ചു സ്പൂൺ കടുക് പൊടിച്ച് ഒലിവ് ഓയിൽ മിക്സ് ചെയ്തെടുക്കണം. ഇതിലേക്ക് കുറച്ചു കഞ്ഞി വെള്ളം ചേർത്തിളക്കി കുഴമ്പു പരുവത്തിൽ ആക്കുക. ഇതു കുളിക്കാൻ പോകുന്നതിനു പത്തു മിനിറ്റു മുന്നേ തലയോട്ടിയിൽ തേച്ച് മസാജ് ചെയ്യാം. 20 മിനിറ്റിനു ശേഷം അല്പം കഞ്ഞി വെള്ളം തലയിൽ ഒഴിച്ച് മസാജ് ചെയ്യുക. അഞ്ചു മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി ഉണക്കാം.
Post Your Comments