KeralaLatest News

ഇൻസ്റ്റഗ്രാമിലൂടെ ആത്മഹത്യാ ശ്രമം: രക്ഷപ്പെടുത്തിയത് മെറ്റയുടെ ഇടപെടലിൽ , സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഫേസ്ബുക്കിന്റേയും ഇൻസ്റ്റഗ്രാമിന്റെയും മാതൃസംഘടനയായ മെറ്റയുടെ സമയോചിത ഇടപെടൽ മൂലം യുവതിയെ ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുത്തി പോലീസ്. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതിയെയാണ് സൈബർ പോലീസ് രക്ഷപ്പെടുത്തിയത്. കാസർകോട് സ്വദേശിയായ പങ്കാളിയുമായുള്ള ചില തർക്കങ്ങളായിരുന്നു ആത്മഹത്യാശ്രമത്തിന് മുതിരാൻ കാരണമായത്.

നിലവിൽ യുവതി സുരക്ഷിതയാണെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം കരമന സ്വദേശിനിയാണ് പോലീസിന്റെ ഇടപെടൽ മൂലം രക്ഷപ്പെട്ടത്. കൊച്ചി കമ്മീഷണറെ മെറ്റ അധികൃതർ വിവരമറിയിച്ചതിനെ തുടർന്നായിരുന്നു ഇടപെടൽ. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. പ്രസ്തുത ഐപി അഡ്രസിൽ നിന്നും ഒരു യുവതി ആത്മഹത്യാ ശ്രമം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്നും അടിയിന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു മെറ്റ അധികൃതർ കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ ബന്ധപ്പെട്ടത്.

തുടർന്ന് കമ്മീഷണറുടെ നിർദേശപ്രകാരം കരമന പോലീസിന്റെ സഹായത്തോടുകൂടി സൈബർ സെൽ നടപടിയെടുക്കുകയായിരുന്നു. യുവതി കരമനയിലാണ് ഉള്ളതെന്ന് കണ്ടെത്തിയ പോലീസ് സംഭവസ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി. കൈകൾ മുറിച്ച് രക്തം ചീന്തുന്ന തരത്തിലുള്ള വീഡിയോ ആണ് യുവതി പങ്കുവെച്ചതെന്നാണ് വിവരം. മെറ്റ അധികൃതരിൽ നിന്നും വിവരം ലഭിച്ച് പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ യുവതിയെ രക്ഷപ്പെടുത്താൻ പോലീസിന് കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button