
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കി തുടങ്ങിയെങ്കിലും വ്യാപകമായ പരാതികളാണ് ഉയരുന്നത്. അക്കൗണ്ടിലുള്ള തുകയുടെ പത്ത് ശതമാനം മാത്രമാണ് നല്‍കുന്നതെങ്കിലും അത് ലഭിക്കാനും നൂലാമാലകള്‍ ഏറെയാണ്. പതിനഞ്ചാം തീയതി മുതല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം മുതല്‍ ബാങ്കില്‍ നിന്നും പണം നല്‍കി തുടങ്ങിയത്.
എന്നാല്‍ അക്കൗണ്ടിലുള്ള തുകയുടെ പത്ത് ശതമാനം മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. ക്രൈബ്രാഞ്ച് അന്വേഷണത്തിന് പുറകെ എന്‍ഫോഴ്സ്മെന്റ് ഡയറക്റേറ്റ് ബാങ്കില്‍ അന്വേഷണം ആരംഭിച്ചതോടെയാണ് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഇത്രയും നൂലാമാലകള്‍ ആവശ്യമായതെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ബാങ്കിലെ പ്രതിസന്ധി മറികടക്കുന്നതിനായ് സ്വര്‍ണപണയം പുനരംഭിക്കാനും ബാങ്ക് ശ്രമം നടത്തുന്നുണ്ട്.
2022 ആഗസ്റ്റ് 31 ന് കാലാവധി പൂര്‍ത്തിയാക്കിയ സ്ഥിരനിക്ഷേപം ഉള്ളവര്‍ക്ക് നിക്ഷേപത്തിന്റെ 10 ശതമാനവും പലിശയുടെ 50 ശതമാനവുമാണ് തിരികെ നല്‍കുന്നത്. ആധാര്‍കാര്‍ഡിന്റെയും പാന്‍ കാര്‍ഡിന്റെ കോപ്പികള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എന്നിവയും കെ വൈ സി ഫോമും പൂരിപ്പിച്ച് നല്‍കുന്നവര്‍ക്കാണ് ഈ പത്ത് ശതമാനം പണം നല്‍കാന്‍ അനുമതി ഉള്ളത്.
കൂടാതെ ബാങ്കില്‍ ഷെയര്‍ ഹോള്‍ഡര്‍ അല്ലാത്തവര്‍ സി ക്ലാസ് ഷെയര്‍ എടുക്കുകയും ചെയ്താല്‍ മാത്രമാണ് പണം ലഭിക്കുകയുള്ളു. തിങ്കളാഴ്ച്ച പണം പിന്‍വലിക്കാന്‍ എത്തിയ സ്ത്രികളും വയോധികരും അടക്കം ഉള്ളവര്‍ ഈ നിബന്ധനകളില്‍ വലയുകയാണ്.
Post Your Comments