പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലയ്ക്ക് മുന്‍പ് പ്രധാന പ്രതി മുഹമ്മദ് ഷാഫി മറ്റൊരു കൊല കൂടി നടത്തിയതായി വെളിപ്പെടുത്തല്‍. അന്വേഷണ സംഘത്തോട് കേസിലെ മറ്റൊരു പ്രതിയായ ലൈലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഷാഫി തന്നെയാണ് ഇക്കാര്യം ലൈലയോട് പറഞ്ഞത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഷാഫി കൊലപാതക വിവരം വെളിപ്പെടുത്തിയത്. എറണാകുളം സ്വദേശിനിയെയാണ് കൊലപ്പെടുത്തിയതെന്നും ഷാഫി പറഞ്ഞതായി ലൈല പോലീസിനോട് പറഞ്ഞു. എന്നാല്‍ ഷാഫി പോലീസിനോട് ഇക്കാര്യം നിഷേധിച്ചു. ലൈലയെയും, ഭഗവല്‍ സിംഗിനെയും വിശ്വസിപ്പിക്കാന്‍ പറഞ്ഞെന്നാണ് ഷാഫി പോലീസിനോട് പറഞ്ഞിരിക്കുന്നത്. നിലവില്‍ മുഹമ്മദ് ഷാഫിയെയും ലൈലയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തുവരികയാണ്.
കൊലപാതക ശേഷം ശരീരങ്ങള്‍ വെട്ടി മുറിച്ചത് ഷാഫിയാണെന്നാണ് പോലീസ് പറയുന്നത്. ഇരട്ട കൊലപാതകത്തിലാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. കൂടുതല്‍ സമാന കേസുകള്‍ ഉണ്ടെന്നു തെളിഞ്ഞിട്ടില്ല. പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ഉണ്ട്. ഇതിന് പുറമേ സൈബര്‍ തെളിവുകളും നിലവിലുണ്ട്. പ്രതികളുടെ നിരവധി ഫോണുകള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments