
ആലപ്പുഴ: എടത്വയില്‍ ചതുപ്പില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്ടറോട് മോശമായി പെരുമാറിയതിന് തുടർന്നുണ്ടായ ബഹളത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് യുവാക്കൾ ചതുപ്പിൽ കുടുങ്ങിയത്. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാക്കളെ രക്ഷപ്പെടുത്താനായത്. പോലീസിനെ കണ്ട് ഓടിയ യുവാക്കളെ ഒടുവിൽ പോലീസും തകഴി അഗ്നിശമനസേനയും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ചങ്ങനാശ്ശേരിയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിലാണ് സംഭവം. തിരുവല്ലയില്‍ നിന്ന് കയറിയ യുവാക്കള്‍ ബസില്‍ തുപ്പുകയും ബസിലുള്ളവരോട് അപമര്യാദമായി പെരുമാറുകയും ചെയ്തു. ബഹളം വെച്ചതോടെ, വനിതാ കണ്ടക്ടര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് യുവാക്കള്‍ കണ്ടക്ടറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. എടത്വ ഡിപ്പോയില്‍ എത്തിയപ്പോള്‍ ഇവര്‍ ഇറങ്ങാതെ ബസ് വിടില്ല എന്ന് വനിതാ കണ്ടക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഡിപ്പോ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് യുവാക്കളെ ബസില്‍ നിന്ന് പുറത്തിറക്കി.
ഇതിനിടെ ഡിപ്പോ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. പൊലീസ് വരുന്നതറിഞ്ഞ് ഓടിയ ഇവര്‍ എടത്വ സെന്റ് അലോഷ്യസ് കോളേജിന് സമീപമുള്ള ചതുപ്പിലേക്ക് വീഴുകയായിരുന്നു. സ്ഥലം പരിചയമില്ലാത്ത യുവാക്കൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഇവരെ തേടി പിന്നാലെയെത്തിയ പോലീസ് ആണ് രണ്ട് യുവാക്കളെ ചതുപ്പിൽ വീണ് കിടക്കുന്നത് കണ്ടത്. ഇതിനിടയിൽ ഒരാൾ നീന്തി മാറുകരയിലെത്തി, മറ്റൊരു ബസില്‍ കയറി തിരുവല്ലയിലേക്ക് പോവുകയും ചെയ്തു. ചതുപ്പിൽ കിടന്ന യുവാക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തകഴി ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ പ്രദീപ്കുമാര്‍ പി കെയുടെ കാലില്‍ സിറിഞ്ച് തറച്ചുകയറി പരിക്കേല്‍ക്കുകയും ചെയ്തു.
Post Your Comments