മൂന്നാർ: മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ മുന്‍ വൈദ്യുതി മന്ത്രിയും ഉടുമ്പുംചോല എംഎല്‍എയുമായ എംഎം മണി. എസ് രാജേന്ദ്രനെ പാർട്ടിയുടെ ഉപ്പും ചോറും തിന്ന പ്രവർത്തകർ പാഠം പഠിപ്പിക്കണമെന്നും കൈകാര്യം ചെയ്യണമെന്നും എം എം മണി എംഎൽഎ പറഞ്ഞു. പാർട്ടിയോട് നന്ദികേടു കാണിച്ച രാജേന്ദ്രനെ വെറുതെ വിടരുതെന്ന് എം എം മണി മൂന്നാറിൽ പറഞ്ഞു.
മൂന്നാറില്‍ സിഐടിയു നേതൃത്വത്തിലുള്ള എസ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എം മണി. സ്ത്രീ തൊഴിലാളികളടക്കം ആയിരക്കണക്കിന് പേരാണ് യോഗത്തില്‍ പങ്കെടുത്തത്. 15 വര്‍ഷം എംഎല്‍എ ആകുകയും അതിന് മുന്‍പ് ജില്ലാ പഞ്ചായത്ത് അംഗമാകുകയും ചെയ്ത എസ് രാജേന്ദ്രന്‍ പാര്‍ട്ടിയെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് മണി ആരോപിച്ചു.
രാജേന്ദ്രൻ ഉണ്ട ചോറിന് നന്ദി കാണിച്ചില്ല. പാര്‍ട്ടിയുടെ തീരുമാനപ്രകാരം രണ്ടുപ്രാവശ്യം മത്സരിച്ചവര്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എ രാജയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കി. എന്നാല്‍ എ രാജയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രൻ അണിയറയില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ കുട്ടികളെ പറഞ്ഞ് മനസിലാക്കി വളര്‍ത്തണം. രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം തൊഴിലാളികളോട് പറഞ്ഞു.
എംഎം മണിക്കെതിരെ നിലപാട് സ്വീകരിച്ചതോടെയാണ് എസ് രാജന്ദ്രനെതിരെ സിപിഎം നടപടികളുമായി രംഗത്തെത്തിയത്. അഡ്വ. എ രാജ എംഎല്‍എ യെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നതിന്റെ പേരിൽ രാജേന്ദ്രനെ ഒരു വർഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാർട്ടിക്കാരനായി തുടരുമെന്ന നിലപാട് രാജേന്ദ്രൻ സ്വീകരിച്ചിരിക്കുന്നതിനിടെയാണ് എം എം മണിയുടെ വിവാദ പ്രസ്താവന.
Post Your Comments