തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. ജനാധിപത്യത്തെയും വെല്ലുവിളിച്ച് മുന്നോട്ടുപോകുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ എന്ന ആരോപണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. സര്‍ക്കാറിനെയും മന്ത്രിമാരെയും തീരുമാനിക്കാനോ മാറ്റാനോ തനിക്ക് അധികാരമുണ്ടെന്ന് ചിന്തിക്കുന്ന ഗവര്‍ണര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും ഗവര്‍ണറുടെ വൈസ്രോയ് കളി കേരളത്തില്‍ നടക്കില്ലെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
കേവലം അമിതാധികാര പ്രയോഗവും അസഹിഷ്ണുതയും രാഷ്ട്രീയ പകപോക്കലുമായി താഴ്ന്നിരിക്കുകയാണ് ഗവര്‍ണറുടെ നിലപാടുകളെന്നും ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന, ഗവര്‍ണറെ തിരിച്ച് വിളിച്ച് ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തി പിടിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
ഡിവൈഎഫ്‌ഐയുടെ പ്രസ്താവനയുടെ പൂർണ്ണരൂപം;
ഇന്ത്യന്‍ ഭരണഘടനയോടും ജനാധിപത്യത്തിനോടും ഉള്ള വെല്ലുവിളികളുമായി മുന്നോട്ട് പോവുകയാണ് കേരള ഗവര്‍ണ്ണര്‍. അതിന്റെ തുടര്‍ച്ചയാണ് തന്നെ വിമര്‍ശിക്കുന്ന മന്ത്രിമാരെ പദവിയില്‍ നിന്നും പുറത്താക്കുമെന്ന ഗവര്‍ണറുടെ പുതിയ പ്രസ്താവന.
രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ജനാധിപത്യവും ജനങ്ങളും ആണ് ഏറ്റവും ഉയര്‍ന്ന അധികാരികള്‍ ആ നിലക്ക് ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന അവരുടെ പ്രതിനിധികള്‍ ആണ് ഒരു ഗവണ്‍മെന്റ് ആ സര്‍ക്കാറിനെയും അതിലെ മന്ത്രിമാരെയും തീരുമാനിക്കാനോ മാറ്റാനോ തനിക്ക് അധികാരം ഉണ്ടെന്ന് ചിന്തിക്കുന്ന ഗവര്‍ണ്ണര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. മന്ത്രിമാരെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നിയമിക്കുക എന്ന കേവലാചാരം പോലെയുള്ള ഒരു പരിമിതാധികരമേ ഗവര്‍ണര്‍ക്കുള്ളൂ.
തനിക്ക് ഇല്ലാത്ത അധികാരം ഉണ്ടെന്ന് വീമ്പ് പറയുന്ന ഗവര്‍ണര്‍ സ്വന്തം സ്ഥാനത്തിന്റെ അന്തസ് കാത്ത് സൂക്ഷിക്കണം. ഗവര്‍ണ്ണറുടെ വൈസ്രോയ് കളി കേരളത്തില്‍ നടക്കില്ല. കേവലം അമിതാധികാര പ്രയോഗവും അസഹിഷ്ണുതയും രാഷ്ട്രീയ പകപോക്കലുമായി താഴ്ന്നിരിക്കുകയാണ് കേരള ഗവര്‍ണറുടെ നിലപാടുകള്‍. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന ഗവര്‍ണറെ തിരിച്ച് വിളിച്ച് രാജ്യത്തെ ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തി പിടിക്കാന്‍ രാഷ്ട്രപതി ഇടപെടണം.
Post Your Comments