ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിന് തിരിച്ചടി. കോടികള്‍ മുടക്കാതെ വന്ദേഭാരത് അതിവേഗ ട്രെയിന്‍ കേരളത്തിലേയ്ക്ക്. 160 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിച്ചുപായുന്ന വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് കേന്ദ്രസര്‍ക്കാരിന്റെ പുതുവത്സര സമ്മാനമായി കേരളത്തിന് അനുവദിച്ചേക്കും.
ദക്ഷണിറെയില്‍വേയ്ക്ക് ആദ്യമായി ലഭിച്ച ട്രെയിന്‍ ചെന്നൈ-ബംഗളൂരു-മൈസൂര്‍ റൂട്ടില്‍ നവംബര്‍ പത്തുമുതല്‍ ഓടിത്തുടങ്ങും. ചെന്നൈ, ബംഗളൂരു നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വന്ദേഭാരത് സര്‍വീസുകള്‍ക്ക് സാദ്ധ്യതയുണ്ട്. ചെന്നൈയില്‍ നിന്ന് കന്യാകുമാരിയിലേക്ക് അതിവേഗ ട്രെയിന്‍ വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് തിരുവനന്തപുരത്ത് നടന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കപ്പെട്ടാല്‍ തിരുവനന്തപുരത്തിന്റെ അയല്പക്കത്തേക്കും ഒരു വന്ദേഭാരത് എത്തും. പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയായാല്‍ ഈ ട്രെയിന്‍ തിരുവനന്തപുരത്തേക്ക് നീട്ടാനുമിടയുണ്ട്. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലും ഉത്തര്‍പ്രദേശ് റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിയിലും 44 ട്രെയിനുകള്‍ നിര്‍മ്മാണത്തിലാണ്.
സംസ്ഥാനം ഒരു രൂപ പോലും മുടക്കാതെയാണ് അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് അതിവേഗ ട്രെയിനുകള്‍ വരുന്നത്. മൂന്നുവര്‍ഷത്തിനകം 400ട്രെയിനുകള്‍ ഓടിക്കുമെന്നാണ് കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനം. ന്യൂഡല്‍ഹി-വാരണാസിയാണ് വന്ദേഭാരതിന്റെ ആദ്യ സര്‍വീസ്. ന്യൂഡല്‍ഹി- ശ്രീ മാതാ വൈഷ്ണോ ദേവി കത്ര, ഗാന്ധിനഗര്‍- മുംബൈ, ഹിമാചല്‍ പ്രദേശിലെ ഊന- ഡല്‍ഹി ട്രെയിനുകളും ഓടിത്തുടങ്ങിയിട്ടുണ്ട്.
ചെന്നൈ-ബംഗളൂരു-മൈസൂര്‍ റൂട്ടില്‍ അഞ്ചാമത്തെ വന്ദേഭാരതാണ് വരുന്നത്. ചെന്നൈ-എറണാകുളം, മംഗളൂരു-തിരുവനന്തപുരം, എറണാകുളം-ബംഗളൂരു റൂട്ടുകളില്‍ വന്ദേഭാരത് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
കേരളത്തില്‍ വന്ദേഭാരതിന് വഴിയൊരുക്കാന്‍ പ്രധാന രണ്ട് പാതകളുടെ വേഗം കൂട്ടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം-എറണാകുളം (ആലപ്പുഴ വഴി), ഷൊര്‍ണൂര്‍- മംഗളൂരു പാതകളാണ് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനോടിക്കാവുന്ന തരത്തില്‍ പുതുക്കുന്നത്.
മുന്‍പ് തുടങ്ങിയ സര്‍വീസുകളില്‍ ഉപയോഗിച്ച വന്ദേഭാരത് ട്രെയിനുകളുടെ പരിഷ്കരിച്ച കോച്ചുകളാണ് പുതിയ സര്‍വീസിനുപയോഗിക്കുന്നത്. ഓടിത്തുടങ്ങുന്ന ട്രെയിനിന് ആദ്യ 52 സെക്കന്റില്‍ തന്നെ 100 കിലോമീറ്റര്‍വരെ വേഗം കൈവരിക്കാന്‍ സാധിക്കും. നേരത്തെ, 430 ടണ്‍ ഭാരമുണ്ടായിരുന്ന ട്രെയിനുകള്‍ക്ക് നിലവില്‍ 392 ടണ്‍ ഭാരമാണുള്ളത്. കറങ്ങുന്ന സീറ്റുകളും മോഡുലര്‍ ബയോ ടോയ്ലറ്റും വിശാലമായ ജനലുകളും സ്ലൈഡിംഗ് ഡോറുകളുമാണ് വന്ദേഭാരതിന്. എന്ജിന് കോച്ചില്ല. ഒന്നിടവിട്ടുള്ള കോച്ചുകള്‍ക്കടിയില്‍ 250കിലോവാട്ട് ശേഷിയുള്ള നാല് മോട്ടോറുകള്‍. മെട്രോയിലുള്ള ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റിന് സമാനമായ പ്രവര്‍ത്തനമാണിതിന്. ഒരു ട്രെയിനില്‍ 16 കോച്ചുകളുണ്ടാവും. രണ്ട് എക്സിക്യൂട്ടീവ് കോച്ചുകളില്‍ 52സീറ്റുകള്‍ വീതം. ഇതിന് നിരക്കുയരും. മറ്റു കോച്ചുകളില്‍ 72സീറ്റുകളാണുള്ളത്.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക ട്രെയിനാണിത്. മികച്ച സീറ്റുകള്‍, ഇന്റീരിയറുകള്‍, ഓട്ടോമാറ്റിക ഡോറുകള്‍ എന്നിവയുണ്ട്. യാത്രക്കാര്‍ക്ക് വൈഫൈ സൗജന്യമായി ലഭ്യമാക്കും. എല്ലാ കോച്ചുകളിലും യാത്രക്കാര്‍ക്കു വിവര, വിനോദ സൗകര്യങ്ങളുണ്ടാവും. ഇതിനായി 32 ഇഞ്ച് സ്ക്രീനുകളുണ്ട്. മുന്പിറങ്ങിയ ട്രെയിനുകളില്‍ 24ഇഞ്ച് സ്ക്രീനുകളായിരുന്നു. ശീതികരണ സംവിധാനം 15 ശതമാനം കൂടുതല്‍ ഊര്‍ജ്ജ ക്ഷമതയുള്ളതാണ്. ട്രാക്ഷന്‍ മോട്ടോറില്‍ പൊടിശല്യമുണ്ടാകാത്ത ശുദ്ധവായു ശീതീകരണ സംവിധാനമുള്ളതിനാല്‍ യാത്ര കൂടുതല്‍ സുഖകരമാകും.
Post Your Comments