KeralaLatest NewsNews

ബൈജു എഴുപുന്നയുടെ കൂടോത്രം – 2 ആരംഭിച്ചു

ബൈജു എഴുപുന്നയും, സിജി കെ. നായരും ചേർന്നാണ് രണ്ടാം ഭാഗവും നിർമ്മിക്കുന്നത്

ഒരു സിനിമയുടെ ചിത്രീകരണം പൂർത്തിയായ ദിവസം തന്നെ ആ ചിത്രത്തിൻ്റെ രണ്ടാം ഭാഗം അതേ ലൊക്കേഷനിൽ ആരംഭിച്ചു കൊണ്ട് പ്രശസ്ത നടൻ ബൈജു എഴുപുന്ന ചരിത്രം കുറിച്ചു. ഇടുക്കിയിലെ ചേലച്ചുവട് വെള്ളിമല കഞ്ഞിക്കുഴി, ചെറുതോണി ഭാഗങ്ങളിലായി ചിത്രീകരണം നടന്നു വരുന്ന താൻ സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന സിനിമയുടെ തന്നെ രണ്ടാം ഭാഗത്തിനാണ് ഫെബ്രുവരി രണ്ട് ഞായറാഴ്ച്ച വെള്ളിമലയിൽ ആരംഭം കുറിച്ചത്.

ഇതേ ലൊക്കേഷനിൽ ഡിസംബർ ഇരുപത്തിയൊമ്പത് ഞായറാഴ്ച്ചയായിരുന്നു തൻ്റെ ചിത്രം ആരംഭിച്ചത്. ഫെബ്രുവരി രണ്ട് ഞായറാഴ്ച്ച തന്നെ രണ്ടാം ഭാഗത്തിനും തുടക്കമിടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടന്ന് ബൈജു വ്യക്തമാക്കി.

അനുഗ്രഹീത നടി മഹേശ്വരിയമ്മ ആദ്യ ഭദ്രദീപം തെളിയിച്ചാണ് കൂടോത്രം ആരംഭിച്ചതെങ്കിൽ കൂടോത്രം 2 നും തുടക്കം കുറിച്ചത് മനോഹരിയമ്മതന്നെയാണന്നത് കൗതുകം പകരുന്നു. സന്തോഷ്. സി. കുമാർ സ്വിച്ചോൺ കർമ്മവും, മാസ്റ്റർ സിദ്ധാർത്ഥ് ഫസ്റ്റ് ക്ലാപ്പും നൽകി. സാൻജോ പ്രൊഡക്ഷൻസ്, ദേവദയം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ബൈജു എഴുപുന്നയും, സിജി കെ. നായരും ചേർന്നാണ് രണ്ടാം ഭാഗവും നിർമ്മിക്കുന്നത്.

തമിഴിലെയും, തെലുങ്കിലെയും പ്രശസ്ത താരങ്ങൾക്കൊപ്പം, ഡിനോയ് പൗലോസ് (തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം), ശ്രീനാഥ് മഗന്തി, റേച്ചൽ ഡേവിഡ്, അ ലൻസിയർ, സുധിക്കോപ്പ, സായ് കുമാർ, സലിം കുമാർ, ശ്രീജിത്ത് രവി, ദിയ, ബിനു തൃക്കാക്കര, മാസ്റ്റർ സിദ്ധാർഥ്, അക്സ ബിജു, അബിയ ബിജു, ആൽബെർട്ട് വിൻസെന്റ്‌ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സന്തോഷ് കെ. ചാക്കോച്ചന്റേതാണ് കഥ. ഗാനങ്ങൾ: ബി.കെ. ഹരിനാരായണൻ. സംഗീതം: ഗോപി സുന്ദർ, ഛായാഗ്രഹണം: ജിസ് ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ. എഡിറ്റിങ്: ഗ്രേസൺ, കലാസംവിധാനം: ഹംസ വള്ളിത്തോട്, മേക്കപ്പ്: ജയൻ പൂങ്കുളം. ആക്ഷൻ ഡയറക്ടർ: ഫീനിക്സ് പ്രഭു. പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ. ഇവരെ കൂടാതെ കൂടോത്രം സിനിമയുടെ പ്രധാന അണിയറ പ്രവർത്തകർ എല്ലാം തന്നെ രണ്ടാം ഭാഗത്തിലും അണിനിരക്കുന്നു.

സംവിധാനത്തോടൊപ്പം തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ബൈജു എഴുപുന്നയാണ്. 2025 ഏപ്രിൽ ആദ്യവാരം ചിത്രീകരണത്തിന്റെ രണ്ടാം ഷെഡ്യൂൾ ഇടുക്കി ചിന്നക്കനാൽ, കണ്ണൂർ കണ്ണവംകാട് എന്നിവിടങ്ങളിലായി ആരംഭിക്കും.
വാഴൂർ ജോസ്.
ഫോട്ടോ – നൗഷാദ് കണ്ണൂർ ‘

shortlink

Post Your Comments


Back to top button