തിരുവനന്തപുരം: കർണാടകയിൽ ഹിജാബ് വിവാദത്തിൽ കോടതി വിധി വന്നതോടെ വിഷയം വീണ്ടും ചർച്ചയായി. നിരവധി പേർ ഹിജാബ് വിഷയം സോഷ്യൽ മീഡിയകളിലും ചാനൽ ചർച്ചകളിലും ചർച്ച ചെയ്തു. ഇക്കൂട്ടത്തിൽ മുൻ മന്ത്രി കെ.ടി ജലീലും ഉണ്ടായിരുന്നു. കന്യാസ്ത്രീകളുടെ വേഷത്തെ പർദ്ദയുടെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു ജലീൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും എന്ന തലക്കെട്ടിൽ ജലീൽ പങ്കുവെച്ച പോസ്റ്റിന് മറുപടിയുമായി സിസ്റ്റർ സോണിയ തെരേസും രംഗത്തെത്തി. ഹിജാബിനെ കന്യാസ്ത്രീ വേഷവുമായി താരതമ്യം ചെയ്യരുതെന്നാണ് സിസ്റ്റർ സോണിയ ആവശ്യപ്പെടുന്നത്.
‘മുല മറക്കാനുള്ള പോരാട്ടം നടന്ന നാട്ടിൽ തലമറക്കാനുള്ള പോരാട്ടത്തിന് ഒരുപറ്റം സ്ത്രീകൾക്ക് ഇറങ്ങിത്തിരിക്കേണ്ടി വരുന്നത് ലജ്ജാകരമാണ്. കുട്ടികൾക്ക് പാടില്ലാത്തത് പഠിപ്പിക്കുന്ന അദ്ധ്യാപികമാർക്ക് പാടുണ്ടാകുന്നതിൻ്റെ വൈരുദ്ധ്യം മനസ്സിലാകുന്നില്ല. കന്യാസ്ത്രീകളായ ടീച്ചർമാർക്ക് ‘ഹിജാബ്’ അനുദിക്കപ്പെട്ടേടത്ത് വിദ്യാർത്ഥിനികൾക്ക് സമാന അവകാശം അനുവദിക്കില്ലെന്ന വാശി ദുരൂഹമാണ്. കന്യാസ്ത്രീ വേഷത്തിൽ എത്രയോ കോളേജുകളിലും സർവകലാശാലകളിലും പെൺകുട്ടികൾ പഠിക്കുന്നുണ്ട്. ആരും അതിനെ ഇതുവരെ എതിർത്തിട്ടില്ല. ആരും കേസിന് പോയിട്ടുമില്ല. ഒരു കോടതിയും അക്കാര്യത്തിൽ ഇടപെട്ടിട്ടുമില്ല. എന്നിരിക്കെ “ഹിജാബി”ൻ്റെ കാര്യത്തിൽ മാത്രം എന്തിനീ കോലാഹലം?’, ഇതായിരുന്നു ജാലീലിന്റെ ചോദ്യം.
ഇതിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ജലീലിന്റെ പ്രസ്താവനയ്‌ക്കെതിരെ കൃത്യവും യുക്തവുമായ മറുപടിയാണ് സിസ്റ്റർ സോണിയ നൽകുന്നത്. ഹിജാബും കന്യാസ്ത്രീ വേഷവും ഒന്നല്ലെന്നും, പറക്കമുറ്റാത്ത പ്രായത്തിൽ ആരും പെൺകുട്ടികൾക്ക് മേൽ അടിച്ചെല്പിക്കുന്ന ഒന്നല്ല കന്യാസ്ത്രീ വേഷമെന്നും സോണിയ പറയുന്നു.
‘ക്രൈസ്തവ സന്യസ്തർ ഏതെങ്കിലും കോളേജിൽ പഠിക്കാൻ ചെല്ലുമ്പോൾ സന്യാസ വസ്ത്രം പാടില്ല എന്ന് ആ സ്ഥാപനം നിബന്ധന വെച്ചാൽ, ഞങ്ങൾ ആരും സന്യാസ വസ്ത്രത്തോടെ എനിക്ക് ഇവിടെ പഠിച്ചെ മതിയാകൂ എന്ന് ഒരിക്കലും വാശി പിടിക്കില്ല. സന്യാസിനിയായ ഒരാൾക്കുവേണ്ടി 3000 കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിലെ നിയമം പൊളിച്ചെഴുതണം എന്ന് പറഞ്ഞ് ഞങ്ങളാരും പ്രകോപനവും മാർച്ചുമായി അവരെ ശല്യം ചെയ്യാറില്ല. യൂണിഫോം കൊടുള്ള സ്ഥാപനത്തിൽ ആ യൂണിഫോം സ്വീകരിക്കാൻ സന്യാസ സഭയുടെ നിയമം അനുവദിക്കുന്നില്ലെങ്കിൽ മറ്റ് ഏതെങ്കിലും സ്ഥാപനത്തിൽ പോയി പഠിക്കും. ഒരു യൂണിഫോമിന് വേണ്ടി ആളെക്കൂട്ടി കലാപം ഉണ്ടാകുന്ന തരംതാണ ശൈലി ഞങ്ങൾക്കില്ല’, സിസ്റ്റർ സോണിയ കുറിച്ചു.
Post Your Comments