തിരുവനന്തപുരം: ഡിജിറ്റലി കണക്റ്റഡ് ട്രൈബൽ ഏരിയ പദ്ധതിക്ക് വയനാട് ജില്ലയിൽ തുടക്കമായി. വാസസ്ഥലത്തിന്റെ പ്രത്യേകതകളാൽ പൊതുസമൂഹത്തിൽ നിന്നും അകന്നു കഴിയുന്നവരാണ് പട്ടികവർഗ്ഗ ജനവിഭാഗങ്ങൾ. അവരെയും കാലത്തിനൊത്തു സഞ്ചരിക്കാൻ പ്രാപ്തിയുള്ള ജനവിഭാഗമാക്കി മാറ്റുക എന്നതാണ് എൽഡിഎഫ് സർക്കാർ നയമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.
നവസാങ്കേതിക വിദ്യയുടെ പ്രയോജനം ഇത്തരം പിന്നാക്ക മേഖലകളിൽ കൂടി പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ പദ്ധതി വയനാട്ടിൽ ആരംഭിച്ചു.
പട്ടികവർഗ്ഗ മേഖലയിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും തൊഴിലിനും പ്രാധാന്യം നൽകി നിലവിലുള്ള സാമൂഹ്യ പഠനമുറികളെ കേന്ദ്രീകരിച്ച് പട്ടികവർഗ്ഗ വികസന വകുപ്പും, പൊതുവിദ്യാഭ്യാസവകുപ്പും, ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കേന്ദ്ര ഇലക്ട്രോണിക് വിവര സാങ്കേതിക മന്ത്രാലയത്തിനു കീഴിലെ സി-ഡാക്കും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ഡിജിറ്റലി കണക്റ്റഡ് ട്രൈബൽ കോളനീസ്”. തിരുവനന്തപുരത്തുള്ള റീജിയണൽ കാൻസർ സെന്റർ, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജി എന്നിവയുടെ സഹായവും പദ്ധതിക്ക് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യവും വിദ്യാഭ്യാസവും തൊഴിലും പരമാവധി മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ പഠന മുറികളെ ഉയർന്ന ബാൻഡ് വിഡ്ത് കണക്റ്റിവിറ്റി ലഭ്യമാക്കി വീഡിയോ കോൺഫറൻസിങ് സൗകര്യമുള്ള സ്മാർട്ട് സാമൂഹ്യ പഠനമുറികൾ ആക്കുന്നതിനും ഈ സ്മാർട്ട് സാമൂഹ്യ പഠനമുറികളെ വിദ്യാഭ്യാസം, ആരോഗ്യ അവബോധം, രോഗനിർണയം എന്നിവയ്ക്കുള്ള കേന്ദ്രങ്ങളായും പ്രയോജനപ്പെടുത്തുന്നതിനും കൂടിയാണ് ഈ പദ്ധതി. വയനാട്ടിലെ മുഴുവൻ പട്ടികവർഗ്ഗ വിഭാഗത്തിലെ ജനങ്ങൾക്കും ഈ പദ്ധതി മുഖേനയുള്ള ഗുണഫലങ്ങൾ ലഭ്യമാകും. പദ്ധതിക്കായി സംസ്ഥാന സർക്കാർ ഈ സാമ്പത്തിക വർഷം 2.08 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ഗവർണർക്കെതിരെ നിയമഭേദഗതി ആലോചിക്കും: എതിർത്താൽ കോടതിയെ സമീപിക്കുമെന്ന് കാനം രാജേന്ദ്രൻ
Post Your Comments