നഗരൂർ: വിവിധ മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധമോഷ്ടാവ് അറസ്റ്റിൽ. മടവൂർ മയിലാടും പൊയ്ക കിഴക്കതിൽ വീട്ടിൽ താമസിക്കുന്ന അഞ്ചൽ സ്വദേശിയായ സനോജ് (46) ആണ് അറസ്റ്റിലായത്. നഗരൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. നഗരൂർ സ്റ്റേഷൻ പരിധിയിലെ കരവാരം വടവോട്ടുകാവിൽ കഴിഞ്ഞ ദിവസം നടന്ന മോഷണങ്ങളുടേയും മോഷണശ്രമങ്ങളിലേയും പ്രതിയാണിയാളെന്ന് പൊലീസ് പറഞ്ഞു.
Read Also : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിങ്കളാഴ്ച രാത്രി വടവോട്ടുകാവിലുള്ള സ്വകാര്യ മാർജിൻ ഫ്രീമാർക്കറ്റിന്റെ പൂട്ട് തകർത്ത് 3000 രൂപ കവർച്ച നടത്തുകയും,45000 രൂപ വിലവരുന്ന നിരീക്ഷണ കാമറ ഉപകരണങ്ങളും ഇയാൾ നശിപ്പിച്ചിരുന്നു. വടവോട്ടുകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ 6500 രൂപ വിലവരുന്ന നാല് നിരീക്ഷണ കാമറകൾ ഇയാൾ തകർത്തിരുന്നു. ക്ഷേത്രത്തിനടുത്തെ പലചരക്ക് കടയിൽ തീയിടുകയും, മറ്റൊരു പലചരക്ക് കടയുൾപ്പടെ നാലിടത്ത് കുത്തിപ്പൊളിച്ച് മോഷണ ശ്രമവും നടത്തിയിരുന്നു. നിരീക്ഷണ കാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ നഗരൂർ പൊലീസ് കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികൂടിയത്.
കിളിമാനൂർ, നഗരൂർ, പള്ളിക്കൽ, അഞ്ചൽ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകൾ ഇയാളുടെ പേരിലുണ്ട്. നഗരൂർ എസ്ഐ എസ്.എൽ.സുധീഷ്, ജിഎസ്ഐ അബ്ദുൽ ഹക്കിം, എസ്സിപിഒ ജിജു, സിപിഒ.രാജീവ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments