ഹിജാബ് വിഷയത്തിലേക്ക് കന്യാസ്ത്രീകളെ വലിച്ചിഴച്ച മുന്‍മന്ത്രി കെ ടി ജലീലിന് മറുപടിയുമായി സിസ്റ്റര്‍. കര്‍ണ്ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ജലീല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.
കന്യാസ്ത്രീകളുടെ ശിരോവസ്ത്രത്തെ ഹിജാബിനോട് താരതമ്യപ്പെടുത്തിയാണ് ജലീല്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്. ഇതിനെതിരെയാണ് ഡോറ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ്(ഡിഎസ്‌ജെ) സന്യാസസമൂഹാംഗമായ സിസ്റ്റര്‍ സോണിയ തെരേസ് കുറിപ്പുമായി എത്തിയത്. മുസ്ലീം യുവതികള്‍ ധരിക്കുന്ന ഹിജാബിനെ ക്രൈസ്തവ സന്യസ്തര്‍ ധരിക്കുന്ന ശിരോവസ്ത്രത്തോട് (വെയില്‍) താരതമ്യം ചെയ്യരുത് എന്ന് സ്‌നേഹപൂര്‍വ്വം ഒന്ന് ഓര്‍മ്മപ്പെടുത്തുവെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്.
പോസ്റ്റ് പൂർണ്ണ രൂപം,
മുന്‍മന്ത്രി ശ്രീ കെ. ടി. ജലീല്‍ ഇന്നലെ ഫേസ്ബുക്കില്‍ ‘ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും’. എന്ന തലക്കെട്ടോടെ കുറിച്ച പോസ്റ്റിന് ഒരു സന്യാസിനി നല്‍കുന്ന മറുപടി:
ആദ്യം തന്നെ മുന്‍മന്ത്രി ശ്രീ ജലീലിനോട് മുസ്ലീം യുവതികള്‍ ധരിക്കുന്ന ഹിജാബിനെ ക്രൈസ്തവ സന്യസ്തര്‍ ധരിക്കുന്ന ശിരോവസ്ത്രത്തോട് (വെയില്‍) താരതമ്യം ചെയ്യരുത് എന്ന് സ്‌നേഹപൂര്‍വ്വം ഒന്ന് ഓര്‍മ്മപ്പെടുത്തുന്നു. കാരണം പറക്കമുറ്റാത്ത പ്രായത്തില്‍ ആരും അടിച്ച് ഏല്പിക്കുന്ന ഒന്നല്ല ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രം. ക്രൈസ്തവ സന്യസ്തര്‍ 19 വയസ് പൂര്‍ത്തിയാകാതെ ആരും ഈ വെയിലോ, സന്യാസ വസ്ത്രമോ ധരിക്കാറില്ല.
ഒരു ക്രൈസ്തവ യുവതി സന്യാസിനി ആകാന്‍ ആഗ്രഹിച്ച് ഏതെങ്കിലും ഒരു മഠത്തിന്റെ പടികള്‍ കടന്ന് ചെന്നാല്‍, ‘ഇന്നാ പിടിച്ചോ. നീ ഈ വെയിലും വസ്ത്രവും ധരിച്ച് ഇനി മുതല്‍ ഇവിടെ ജീവിച്ചാല്‍ മതി’ എന്ന് ഒരു സന്യാസ സഭയുടെ അധികാരികളും പറയില്ല. കാരണം അവള്‍ കടന്ന് പോകേണ്ട ചില കടമ്ബകള്‍ ഉണ്ട്. അതായത് കുറഞ്ഞത് 5 വര്‍ഷം എന്താണ് സന്യാസം എന്ന് ആദ്യം തന്നെ ദൈവവചനത്തിന്റെ വെളിച്ചത്തില്‍ വ്യക്തമായി പഠിക്കണം.
പിന്നെ അവരായിരിക്കുന്ന സന്യാസ സഭയുടെ നിയമാവലികളും അതാത് സന്യാസ സഭയുടെ ഡ്രസ്സ് കോഡും എന്താണ്, അത് എന്തിന് ധരിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി പഠിച്ച ശേഷം അവള്‍ക്ക് ബോധ്യമായ കാര്യങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ കഴിയും എന്ന ഉറച്ച ബോധ്യം ഉണ്ടെങ്കില്‍ മാത്രം, (ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല) പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ മാത്രം തിരഞ്ഞെടുക്കുന്ന ഒരു ജീവിതാന്തസാണ് സന്യാസം.
വ്യത്യസ്ത ചൈതന്യം ജീവിക്കുന്ന 420 – ല്‍ പരം സന്യാസ സഭകള്‍ (വിവിധ പ്രോവിന്‍സുകള്‍ ഉള്‍പ്പെടെ) കേരളത്തില്‍ ഇന്ന് നിലവിലുണ്ട്. അവരില്‍ കാല്‍പാദം വരെ, അല്ലെങ്കില്‍ മുട്ടിന് താഴെവരെ നീളമുള്ള ഉടുപ്പിനൊപ്പം ശിരോവസ്ത്രം ധരിക്കുന്നവരും ശിരോവസ്ത്രമില്ലാതെ സാരി മാത്രം ധരിക്കുന്നവരും ശിരോവസ്ത്രവും സാരിയും ധരിക്കുന്നവരും ചുരിദാര്‍ മാത്രം ധരിക്കുന്നവരും ഒക്കെ ഉണ്ട്. ഓരോ സന്യാസ സഭയുടെയും ഡ്രസ്സ് കോഡുകള്‍ വ്യത്യസ്തമായിരിക്കും. കാലത്തിനും ദേശത്തിനും സംസ്‌കാരത്തിനും അനുസരിച്ച് അല്പം ഫ്‌ലെക്‌സിബിള്‍ ആകാന്‍ ഞങ്ങള്‍ക്ക് മടി ഒന്നും ഇല്ല കേട്ടോ. അതായത് പിന്നോട്ടല്ല, മുന്നോട്ടാണ് ഞങ്ങള്‍ സഞ്ചരിക്കാറ്.
18 വയസ് പൂര്‍ത്തിയായ ഏതൊരു സ്ത്രീക്കും വിവാഹം കഴിക്കാന്‍ സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് (18 വയസ് എന്ന് ഭരണഘടന പറഞ്ഞാലും 15 വയസ് മുതല്‍ നിര്‍ബന്ധിച്ച് വിവാഹം കഴിക്കേണ്ടി വരുന്ന ഇരുപത്തിഓരായിരത്തില്‍ പരം യുവതികള്‍ കേരളത്തില്‍ ഉണ്ട് എന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് വായിച്ചത് ഓര്‍മ്മയിലുണ്ട്) ഒരു ക്രൈസ്തവ യുവതി പോലും ഇന്ന് 19 വയസിന് മുമ്ബ് സന്യാസിനിയായി വ്രതം ചെയ്യാറില്ല എന്ന പച്ചയായ സത്യം ഒന്ന് ഓര്‍മ്മിപ്പിക്കുന്നു. പിന്നെ 19 ആം വയസിലോ 20 ആം വയസിലോ ആദ്യവ്രതം ചെയ്യുന്ന സന്യാസിനികളില്‍ ആരും തന്നെ 24 വയസിന് മുമ്ബ് നിത്യവ്രതം ചെയ്യാറുമില്ല. നിത്യവ്രതം ചെയ്‌തെങ്കില്‍ മാത്രമേ ഒരുവള്‍ക്ക് യഥാര്‍ത്ഥ സന്യാസിനി എന്ന അംഗീകാരം കിട്ടുകയുള്ളൂ.
ആദ്യവ്രതം മുതല്‍ നിത്യവ്രതം വരെയുള്ള 6 വര്‍ഷക്കാലം നവസന്യാസിനികള്‍ക്ക് ആര്‍ക്കെങ്കിലും സന്യാസം ഉപേക്ഷിക്കണം എന്ന് തോന്നുകയാണെങ്കില്‍ തിരിച്ച് പോകാനുള്ള എല്ലാ സ്വാതന്ത്ര്യവും ഓരോ സന്യാസ സഭയുടെയും നിയമാവലി വ്യക്തമായി നല്‍കുന്നുണ്ട്. നിത്യവ്രതം ചെയ്താല്‍ പോലും ഏതെങ്കിലും സന്യാസിനിക്ക് സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിക്കാന്‍ ആഗ്രഹം തോന്നിയാല്‍ ആരും അവരെ നിര്‍ബന്ധിച്ച് പിടിച്ച് വയ്‌ക്കാറുമില്ല. അതുപോലെ തന്നെ ആരും അവരുടെ തലയറുക്കുകയോ, കൈകാലുകള്‍ വെട്ടി നുറുക്കുകയോ ചെയ്യാറില്ലെന്നേ.
‘ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഇഷ്ടപ്പെട്ട വസ്ത്രധാരണ രീതി സ്വീകരിക്കുന്നത് തെറ്റല്ല. മൗലികാവകാശമാണ്’ എന്ന് താങ്കളുടെ പോസ്റ്റില്‍ കുറിച്ചിട്ടുണ്ടല്ലോ. അപ്പോള്‍ പിന്നെ എന്തിനാണ് ക്രൈസ്തവ സന്യസ്തരെ നോക്കി ഇത്ര നൊമ്ബരപ്പെടുകയും പിറുപിറുക്കുകയും ചെയ്യുന്നത്..? കേരള ഹൈക്കോടതിയുടെ വിധിയാണ് ഓരോ സ്ഥാപനങ്ങളിലെയും യൂണിഫോം കോഡ് മാറ്റിമറിക്കാന്‍ ഗവണ്‍മെന്റിന് പോലും അധികാരം ഇല്ല എന്നത്.
ക്രൈസ്തവ സന്യസ്തര്‍ ഏതെങ്കിലും കോളേജില്‍ പഠിക്കാന്‍ ചെല്ലുമ്ബോള്‍ സന്യാസ വസ്ത്രം പാടില്ല എന്ന് ആ സ്ഥാപനം നിബന്ധന വച്ചാല്‍, ഞങ്ങള്‍ ആരും സന്യാസ വസ്ത്രത്തോടെ എനിക്ക് അവിടെ പഠിച്ചേ മതിയാകൂ എന്ന് ഒരിക്കലും വാശി പിടിക്കാറില്ല. അല്ലെങ്കില്‍ സന്യാസിനിയായ ഒരാള്‍ക്കുവേണ്ടി 3000 കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിലെ നിയമം പൊളിച്ചെഴുതണം എന്ന് പറഞ്ഞ് ഞങ്ങളാരും പ്രകോപനവും മാര്‍ച്ചുമായി അവരെ ശല്യം ചെയ്യാറില്ല. യൂണിഫോം കോഡുള്ള സ്ഥാപനത്തില്‍ ആ യൂണിഫോം സ്വീകരിക്കാന്‍ സന്യാസ സഭയുടെ നിയമം അനുവദിക്കുന്നില്ലെങ്കില്‍ മറ്റ് ഏതെങ്കിലും സ്ഥാപനത്തില്‍ പോയി പഠിക്കും. ഒരു യൂണിഫോമിനു വേണ്ടി ആളെ കൂട്ടി കലാപം ഉണ്ടാക്കുന്ന തരംതാണ ശൈലി ഞങ്ങള്‍ക്കില്ല.
നീണ്ട വസ്ത്രവും ശിരോവസ്ത്രവും ധരിക്കുമ്ബോഴും ഞങ്ങളുടെ മുഖം ഒരു തരത്തിലും ഞങ്ങള്‍ മറയ്‌ക്കാറില്ല. കാരണം മുഖം മറയ്‌ക്കുന്നത് ആ വ്യക്തിയുടെ വ്യക്തിത്വത്തെ തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. പിന്നെ ആരുടെയും കാമക്കണ്ണുകളെ ഭയന്നല്ല ക്രൈസ്തവ സന്യസ്തര്‍ സന്യാസ വസ്ത്രവും ശിരോവസ്ത്രവും ധരിക്കുന്നത്. മറിച്ച് നൂറ്റാണ്ടുകളായി അവിവാഹിതകളായ കന്യകകളും രാജകുമാരിമാരും ധരിക്കാറുള്ള വസ്ത്രമാണ് കൈ നീളമുള്ള നീണ്ട അങ്കി. (യഹൂദ-ക്രൈസ്തവ പാരമ്ബര്യം ആണ് കേട്ടോ) ലൈംഗികതയ്‌ക്കും സുഖലോലുപതയ്‌ക്കും മാത്രം പ്രാധാന്യം നല്‍കി നെട്ടോട്ടം ഓടുന്ന കോടാനുകോടി ജനങ്ങള്‍ക്ക് ഈ നീണ്ട വസ്ത്രം ധരിച്ച സന്യാസിനിമാര്‍ ഒരു സാക്ഷ്യമാണ്.
അതായത് ഈ ലോക സുഖങ്ങള്‍ക്ക് അപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ട് എന്ന സാക്ഷ്യം. ഇന്ന് നിങ്ങള്‍ നേടുന്ന നേട്ടങ്ങളും സുഖങ്ങളും വെറും വ്യര്‍ത്ഥമാണ് എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍. ഈ യാഥാര്‍ത്ഥ്യം അറിയാവുന്ന ഒരു സന്യാസിനിയും ഒരിക്കലും സന്യാസ വസ്ത്രം ഒരു അലങ്കാരമായി അണിയാറില്ല. കത്തോലിക്കാ സഭയെ താറടിച്ച് പേരിനും പ്രശസ്തിക്കും വേണ്ടി ചിലര്‍ ഈ അടുത്ത നാളില്‍ ക്രൈസ്തവ സന്യാസ വസ്ത്രം അലങ്കാരമായി എടുത്തണിയാറുണ്ടെന്ന കാര്യം മറന്ന് പോയിട്ടില്ല.
1979 ലെ വിപ്ലവത്തില്‍ കൂടി അധികാരത്തില്‍ എത്തിയ ഇറാനിലെ പരമാധികാരി നടപ്പിലാക്കിയ നിര്‍ബന്ധിത വസ്ത്രധാരണത്തിന് എതിരെ ഇന്ന് ഇറാനില്‍ ഭയാനകമായ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഒരു പക്ഷേ ഇറാനിലെ പ്രതിഷേധങ്ങള്‍ ഒന്നും കേരള മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടാറില്ലാത്തത് ഒരു പുത്തരിയല്ല. തങ്ങളുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ തങ്ങള്‍ സമ്മതിക്കില്ല എന്ന് സധൈര്യം വിളിച്ച് പറഞ്ഞ് മരണത്തെ പുല്‍കുന്ന നൂറുകണക്കിന് യുവജനങ്ങളുടെ ധീരത പാശ്ചാത്യ മാധ്യമങ്ങള്‍ ലോകത്തിന് മുമ്ബില്‍ തുറന്ന് കാണിക്കുമ്ബോള്‍ ഒത്തിരി വേദന തോന്നി.
ഏത് മതം ആണെങ്കിലും ഏത് ജീവിതാന്തസ് ആണെങ്കിലും ആരും ആരെയും അടിച്ചേല്‍പ്പിക്കുന്ന ഒന്നായിരിക്കരുത് വസ്ത്രധാരണം. പിന്നെ പ്രായപൂര്‍ത്തിയായ ഒരുവള്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുത്ത ഒരു ജീവിതാന്തസിനെ നോക്കി പിറുപിറുക്കാനും കുറ്റപ്പെടുത്താനും പോകുന്നത് അവളുടെ മൗലിക സ്വാതന്ത്ര്യത്തിലേയ്‌ക്കുള്ള ഒരു കടന്നുകയറ്റം ആണ്.
അതുകൊണ്ട് പരസ്പരം ബഹുമാനിക്കാന്‍ പഠിക്കാം എന്ന ഓര്‍മ്മപ്പെടുത്തലോടെ-
സ്‌നേഹപൂര്‍വ്വം,
സി. സോണിയ തെരേസ് ഡി. എസ്. ജെ.
എന്‍ബി: മുന്‍മന്ത്രി ശ്രീ കെ. ടി. ജലീല്‍ ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിന് ഒരു മറുപടി കൊടുക്കാതിരുന്നാല്‍ ഞാന്‍ ജീവിക്കുന്ന സന്യാസത്തോട് ചെയ്യുന്ന ഏറ്റവും വലിയ ഒരു അപരാധം ആയി പോകും എന്ന് എന്റെ മനസ്സ് മന്ത്രിച്ചതു കൊണ്ടാണ് ഈ വരികള്‍ ഇവിടെ കോറിയിടുന്നത്. കന്യാസ്ത്രി
Post Your Comments