ഇലന്തൂർ: സൗമ്യമായി പെരുമാറിയിരുന്ന ഭഗവൽ സിംഗ് രണ്ടുസ്ത്രീകളെ നരബലി കൊടുത്തെന്ന വാർത്ത ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ഇലവന്തൂരുകാർക്ക് വിശ്വസിക്കാനാകുന്നില്ല. ആരോടും അടുത്ത് ഇടപെഴകാറില്ലെങ്കിലും ആരോടും പരിഭവം വെയ്ക്കാതെ ആളായിരുന്നു ഭഗവൽ സിങ്. എന്നാൽ ഭാര്യയുടെ സ്വഭാവത്തിലെ മാറ്റം അയൽക്കാരായ സ്ത്രീകൾ ഓർമ്മിച്ചെടുക്കുന്നുണ്ട്.
മുൻപ് തിരുമ്മൽ കേന്ദ്രത്തോട് ചേർന്ന കാവിൽ ദിവസവും മുടങ്ങാതെ വിളക്കുവച്ചിരുന്നെങ്കിലും അടുത്തകാലത്തായി അവിടെ വിളക്ക് വയ്ക്കുന്ന പതിവ് ഇവർ ഉപേക്ഷിച്ചിരുന്നതായും പ്രദേശവാസികൾ പറയുന്നു. വിളക്കു വയ്ക്കാനായി കാവിലേക്ക് വന്നിരുന്ന സമയത്ത് ലൈലയുടെ വസ്ത്രധാരണവും ഭാവങ്ങളും സാധാരണയിൽനിന്ന് വ്യത്യസ്തമായിരുന്നെന്നും മറ്റാരും ഇല്ലാത്ത സമയങ്ങളിൽ രൂക്ഷമായി പേടിപ്പെടുത്തുന്ന രീതിയിലുള്ള നോട്ടം ലൈലയിൽ നിന്ന് നേരിടേണ്ടി വന്നിട്ടുള്ളതായും അയൽവാസികളായ സ്ത്രീകൾ പറയുന്നു. അതേസമയം, അടൂർ മഹാത്മജ ജനസേവ കേന്ദ്രം എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സുമയ്ക്ക് ഉണ്ടായത് മറ്റൊരു അനുഭവമാണ്.
read also: ഭഗവൽസിങ്ങിന്റെ വീട്ടിൽ തങ്ങി ആയുർവേദ ചികിത്സ നടത്തിയ സിനിമാ പ്രവർത്തകരെ കുറിച്ച് അന്വേഷണം
ഇലന്തൂരില്‍നിന്ന് ഇരട്ട നരബലി വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ എല്ലാവരേയും പോലെ സുമ ഞെട്ടി. പക്ഷേ, പിന്നീട് ആശ്വാസമായി. ലൈലയെന്ന കുറ്റവാളിയുടെ കൈകളില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുവതി. ഇലന്തൂരിലെ വീടിന്റെ മുന്നിലൂടെ നടന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ സുമയെ ലൈല ക്ഷണിച്ചതും അസ്വാഭാവികത തോന്നിയതിനാല്‍ സുമ ക്ഷണം നിരസിച്ചതുമാണ് സംഭവം. കഴിഞ്ഞ സെപ്റ്റംബര്‍ 10-ന് ഭഗവല്‍ സിങ്ങിന്റേയും ലൈലയുടേയും വീട് നില്‍ക്കുന്ന കാരംവേലി മണ്ണപ്പുറംഭാഗത്ത് സംഭാവന സ്വീകരിച്ച ശേഷം ഇലന്തൂരേക്ക് നടന്നുവരികയായിരുന്നു സുമ.
ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു ഇത്. റോഡില്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. ഭഗവല്‍സിങ്ങിന്റെ വീടിന്റെ മുന്‍ഭാഗത്തെ കാവ് കണ്ട് അവിടേക്ക് നോക്കിയപ്പോള്‍ ലൈല നില്‍ക്കുന്നുണ്ടായിരുന്നു. മോളേ എന്നുവിളിച്ചപ്പോള്‍ സുമ നിന്നു. ഭക്ഷണം കഴിച്ചോ എന്നായിരുന്നു ചോദ്യം. ഇല്ലെന്നും വീട്ടില്‍ ചെന്നിട്ട് കഴിക്കാനിരിക്കുകയാണെന്നും സുമ പറഞ്ഞപ്പോള്‍ അതുവേണ്ട ഇവിടെനിന്ന് കഴിക്കാമെന്ന് ലൈല നിർബന്ധിച്ചു. വേണ്ടെന്ന് സുമ പറഞ്ഞിട്ടും പിന്നേയും നിര്‍ബന്ധിച്ചു. എന്നാല്‍ വീട്ടിലേക്ക് കയറി ഇത്തിരി വെള്ളമെങ്കിലും കുടിച്ചിട്ട് പോകൂ എന്നായി ലൈല.
എന്നാല്‍ പരിചയമില്ലാത്ത ഒരാളിന്റെ അസാധാരണമായ പെരുമാറ്റം കണ്ടു സുമ അത് നിരസിക്കുകയും ചെയ്തു. ലൈലയും സുമയും തമ്മിലുള്ള സംഭാഷണത്തിനിടെ മുതിര്‍ന്ന ഒരാള്‍ എത്തിനോക്കിയിരുന്നതായി സുമ ഓര്‍ക്കുന്നു. അത് ഭഗവല്‍സിങ്ങായിരുന്നെന്ന് ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളിലൂടെ സുമ തിരിച്ചറിഞ്ഞു. ഷാഫിയുടെ നിര്‍ദേശപ്രകാരം രണ്ടാമതൊരു സ്ത്രീയെ ബലി കൊടുക്കാനുള്ള അന്വേഷണത്തിലായിരുന്ന സമയമായിരുന്നെന്നു വേണം ലൈലയുടെ പ്രകൃതത്തില്‍നിന്ന് കരുതുന്നത്. സുമയെകണ്ട് രണ്ടരയാഴ്ച കഴിഞ്ഞശേഷമാണ് പദ്മ കൊല്ലപ്പെടുന്നത്.
Post Your Comments