Latest NewsKerala

ഭഗവൽസിങ്ങിന്റെ വീട്ടിൽ തങ്ങി ആയുർവേദ ചികിത്സ നടത്തിയ സിനിമാ പ്രവർത്തകരെ കുറിച്ച് അന്വേഷണം

കൊച്ചി: ഇലന്തൂരിലെ നരബലി കേസിൽ ഷാഫിയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കും. ആറാം ക്ലാസ് വിദ്യാഭ്യാസം ആണ് ഷാഫിയ്ക്കുള്ളത്. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ ഷാഫി ഇടപെട്ടിരിക്കുന്നത് അങ്ങനെയല്ല.

ഇലന്തൂർ ദമ്പതികളെ നരബലി നടത്താൻ പ്രേരിപ്പിച്ചതും ആഭിചാരക്രിയകളിലേക്കു നയിച്ചതും സമൂഹമാധ്യമങ്ങളിലൂടെയാണ്. ഇതിൽ ഷാഫിക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നു കണ്ടെത്തണമെന്നു പൊലീസ് ഇന്നലെ കോടതിയിൽ വ്യക്തമാക്കി.

‘പത്തനംതിട്ടയ്ക്കു പുറമേ കോട്ടയം, കൊച്ചി, മലയാറ്റൂർ പ്രദേശങ്ങളിലും സമീപകാലത്തു ഷാഫിയുടെ സംശയകരമായ സാന്നിധ്യം വ്യക്തമായിട്ടുണ്ട്. നരബലിക്കു മുൻപുള്ള മാസങ്ങളിൽ കേരളമാകെ സഞ്ചരിച്ച ഷാഫി സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നു പലരെയും ഇലന്തൂരിലേക്കു കൂട്ടിക്കൊണ്ടു വന്നിട്ടുണ്ട്. ഇവരെ കണ്ടെത്തി മൊഴിയെടുക്കണം.

ഭഗവൽ സിങ്, ലൈല എന്നിവരുടെ വീട്ടിൽ ആയുർവേദ ചികിത്സയ്ക്കു വേണ്ടി സമീപകാലത്ത് തങ്ങിയിട്ടുള്ള ചലച്ചിത്ര പ്രവർത്തകർ അടക്കമുള്ളവരുടെ മൊഴിയും ശേഖരിക്കണം കേരളത്തിന്റെ പലഭാഗങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുള്ള സ്ത്രീകളെ കാണാതായ കേസുകളുമായി നരബലിക്കേസിലെ പ്രതികൾക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പരിശോധിക്കണം’ – പൊലീസ് വ്യക്തമാക്കി.

പൊലീസിന്റെ വാദം അംഗീകരിച്ച മജിസ്ട്രേട്ട് കോടതി പ്രതികളെ 24 വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ നൽകി. 3 ദിവസം കൂടുമ്പോൾ വൈദ്യപരിശോധനയ്ക്കു ഹാജരാക്കി മെഡിക്കൽ റിപ്പോർട്ട് കൈമാറണം. പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു ശേഷം കൊച്ചി പൊലീസ് ക്ലബിൽ എത്തിച്ചു. ഇന്നലെ വൈകുന്നേരത്തോടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. ‌

shortlink

Related Articles

Post Your Comments

Related Articles


Back to top button