ചെന്നൈ: പ്രണായാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ചെന്നൈയില്‍ യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ത്ഥിനിയുടെ അച്ഛന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലപ്പെട്ട ചെന്നൈ ടി നഗര്‍ സ്വദേശിയായ സത്യയുടെ പിതാവ് മാണിക്കമാണ് മകൾ മരിച്ച ദുഃഖത്തിൽ ഹൃദയം പൊട്ടി മരിച്ചത്.
പ്രണയം നിരസിച്ചതിനെ തുടര്‍ന്നാണ് ബിരുദ വിദ്യാര്‍ത്ഥിനിയെ യുവാവ് സബര്‍ബന്‍ തീവണ്ടിക്കുമുന്നില്‍ തള്ളിയിട്ടുകൊന്നത് .മകളുടെ മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുവേദന അനുഭവപ്പെട്ട മാണിക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദമ്ബാക്കം പൊലീസ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളാണ് സത്യയുടെ മാതാവ് രാമലക്ഷ്മി.
വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട് കൊലപ്പെടുത്തിയ ആദംബാക്കം സ്വദേശി സതീഷിനെ (23) പൊലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടിരുന്നു. സത്യയുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് സത്യയുടെ മാതാപിതാക്കള്‍ മാമ്പലം പൊലീസ് സ്റ്റേഷനില്‍ സതീഷിനെതിരെ പരാതി നല്‍കിയിരുന്നു.
വ്യാഴാഴ്ച ചെന്നൈ സബര്‍ബന്‍ ട്രെയിനിന്‍റെ മൗണ്ട് സ്റ്റേഷനിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്രതിയായ സതീഷ്, സത്യയെ പിന്‍തുടര്‍ന്ന് സംസാരിക്കുന്നതിനിടയിലാണ് ക്രൂരത ചെയ്തതെന്നും വിവരമുണ്ട്. സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷനില്‍ സംസാരിക്കവെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ട്രെയിന്‍ പാഞ്ഞുവന്നപ്പോളാണ് പ്രതി സത്യയെ തള്ളിയിട്ടതെന്ന് കണ്ടുനിന്നവര്‍ പറയുന്നു. സത്യ തല്‍ക്ഷണം മരിച്ചു. തല തകര്‍ന്നാണ് സത്യ മരിച്ചത്.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ ഇയാള്‍ സത്യയെ ശല്യം ചെയ്യുക പതിവായിരുന്നു. ഉച്ചക്ക് കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് സത്യയുടെ വഴിയില്‍ കൊലയാളിയായി സതീഷ് എത്തിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതുമായി ബന്ധപ്പെട്ട് വഴിയില്‍ വച്ചും മൗണ്ട് സ്റ്റേഷനില്‍ വച്ചും തര്‍ക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് സത്യയോട് സതീഷ് കൊടുംക്രൂരത ചെയ്തത്.
Post Your Comments