KeralaLatest News

കാണാമറയത്ത് പോയതെല്ലാം ബലിയാടുകളോ? 5 വര്‍ഷത്തിനിടെ പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ കാണാതായത് 25 പേരെ

പത്തനംതിട്ട: കേരളത്തിൽ കാണാതാകുന്ന ആൾക്കാരുടെയെല്ലാം ലിസ്റ്റുകൾ വീണ്ടുമെടുത്ത് പോലീസ്. ഇലന്തൂരിലെ നരബലിക്ക് പിന്നാലെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഉണ്ടായ തിരോധാന കേസുകൾ പുനഃപരിശോധിക്കാനൊരുങ്ങുകയാണ് കേരള പോലീസ്.
അന്വേഷണം വഴിമുട്ടി നിൽക്കുന്ന പത്തനംതിട്ടയിലെ 12 കേസുകളും എറണാകുളം ജില്ലയിലെ 13 കേസുകളുമാണ് പോലീസ് പുനഃപരിശോധിക്കാനൊരുങ്ങുന്നത്.

പത്തനംതിട്ടയിലെ 12 കേസുകളിൽ മൂന്നെണ്ണവും നരബലി നടന്ന ഇലന്തൂർ പ്രദേശം ഉൾപ്പെടുന്ന ആറന്മുള സ്റ്റേഷൻ പരിധിയിലാണ്. രണ്ട് നരബലികളും നടന്നത് ജൂണിനും സെപ്റ്റംബറിനും ഇടയിലാണ്. കോതമംഗലത്ത് മൂന്നു സ്ത്രീകൾ വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്തസമയങ്ങളിൽ കൊല്ലപ്പെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ആ പ്രതികളെയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം വഴിമുട്ടി നിൽക്കുന്ന കേസുകൾ പോലീസ് പുനഃപരിശോധിക്കാനൊരുങ്ങുന്നത്.

സമഗ്ര അന്വേഷണം നടത്തി, എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് പോലീസിന്റെ ശ്രമം. നരബലിക്ക് ഇരയായിട്ടുള്ള ആളുകൾ എറണാകുളം ജില്ലാ പരിധിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ആളുകളാണ്. സംഭവം നടന്നത് പത്തനംതിട്ടയിലും. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ 5 വർഷത്തെ മിസ്സിങ് കേസുകൾ അന്വേഷിക്കുന്നത്. അഞ്ജാത മൃതദേഹം കിട്ടിയതും സ്ത്രീകളെ കാണാതായതുമായ കേസുകളുടെ അന്വേഷണവും ഇതിൽ ഉൾപ്പെടുന്നുണ്ട്.

അതേസമയം, ഇലന്തൂര്‍ നരബലി കേസ്‌ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ യോഗം കൊച്ചിയിൽ ചേരുകയാണ്. കൊച്ചി ഡിസിപി എസ് ശശിധരന്‍റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ പെരുമ്പാവൂർ എഎസ്‌പി അനൂജ് പാലിവാൾ, ആലുവ റൂറൽ എസ്‌പി വിവേക് കുമാർ എന്നിവരും പങ്കെടുക്കുന്നുണ്ട്. എഡിജിപി വിജയ് സാഖറെ ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും.

കേസിന്‍റെ അന്വേഷണ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം. പ്രതികളെ 12 ദിവസത്തേയ്ക്ക് കസ്‌റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്‍റെ ആവശ്യം.അന്വേഷണവും തെളിവെടുപ്പും പൂര്‍ത്തിയാക്കാനും ഫോറന്‍സിക് പരിശോധന നടത്താനും പ്രതികളുടെ സാന്നിധ്യം അനിവാര്യമാണ്. ഷാഫി കൊടും ക്രിമിനലായത് കൊണ്ട് വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button