Latest NewsKerala

ഇത്തവണ ലെയ്‌സ് അല്ല സിഗരറ്റ്: കൊല്ലത്ത് വലിച്ചുകൊണ്ടിരുന്ന സിഗരറ്റിന്റെ പാതി കൊടുക്കാത്തതിന് ഓട്ടോ ഡ്രൈവര്‍മാരെ വെട്ടി

കൊല്ലം: അടുത്തയിടെ സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്ന ഒരു കാര്യമാണ് കൊല്ലത്തെ ചില തല്ല് കേസുകളും മറ്റും. നിസാര കാര്യങ്ങൾക്കുള്ള അടിപിടിക്കേസാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു മാസം മുൻപ് ഇരവിപുരത്ത് ലെയ്സ് ചോദിച്ചിട്ട് നല്‍കാത്തതിന്റെ പേരില്‍ രണ്ട് യുവാക്കളെ മദ്യപ സംഘം ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോൾ മറ്റൊരു സംഭവം ഉണ്ടായിരിക്കുന്നത്. വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് ഷെയര്‍ ചെയ്യാന്‍ തയ്യാറാവാത്തതിന്റെ പേരില്‍ രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചതാണ് പുതിയ വാർത്ത. കൊല്ലം അഞ്ചലിലാണ് സംഭവം. അഞ്ചല്‍ സ്വദേശികളും ഓട്ടോഡ്രൈവര്‍മാരുമായ ഷമീര്‍, അജ്മല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചല്‍ പനച്ചവിള സ്വദേശി ആംബുജിഎന്നു വിളിക്കുന്ന അമിത്ത്, പനയംച്ചേരി സ്വദേശി അജിത്ത് എന്നിവരെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികളും വെട്ടേറ്റവരും തമ്മില്‍ മുന്‍പരിചയമില്ല. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ പ്രതികള്‍ പൊലീസ് വരുന്നത് കണ്ട് സ്ഥലംവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അഞ്ചല്‍ പനച്ചവിളയില്‍ വച്ചായിരുന്നു അക്രമം. രാത്രി എട്ടുമണിയോടെ പെട്രോള്‍ പമ്പിന് സമീപത്തെ കടയുടെ സൈഡില്‍ നിന്ന് പുകവലിക്കുകയായിരുന്നു ഷമീര്‍. ഈ സമയം മദ്യപിച്ചെത്തിയ പ്രതികള്‍ വലിച്ചുകൊണ്ടിരുന്ന സിഗരറ്റിന്റെ പകുതി ചോദിച്ചു. എന്നാല്‍ ഷമീര്‍ നല്‍കാന്‍ തയ്യാറായില്ല.

പ്രകോപിതരായ ഇരുവരും ചേര്‍ന്ന് ഷമീറിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വന്തം ഓട്ടോറിക്ഷയില്‍ കയറി ഇടമുളക്കല്‍ ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഓടിച്ച്‌ പോയി. പിന്തുടര്‍ന്നെത്തിയ അക്രമികള്‍ ഓട്ടോയുടെ പിന്‍ഭാഗം വെട്ടിക്കീറുകളും ഗ്ളാസുകള്‍ അടിച്ചുപൊട്ടിച്ചശേഷം ഷമീറിനെ വെട്ടുകയുമായിരുന്നു. ഇത് തടയാനെത്തിയപ്പോഴാണ് അജ്മലിനെ ആക്രമിച്ചത്. ഇയാളുടെ മുതുകിലാണ് വെട്ടേറ്റത്. വെട്ടേറ്റവര്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button